Saturday, January 10, 2026

ആയിരം ​വർഷത്തിലേറെ ​പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം ആരാധനയ്ക്കായി പാക്കിസ്താന്‍ തുറന്നുകൊടുത്തു

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാന്‍ വിഭജന കാലത്ത് അടച്ചു പൂട്ടിയ 1000 വര്‍ഷം പഴക്കമുള്ള ഷവാല തേജ സിംഗ് ക്ഷേത്രം 72 വര്‍ഷത്തിന് ശേഷം തുറന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പുണ്യസ്ഥലങ്ങള്‍ നോക്കി നടത്താന്‍ നിയോഗിച്ചിട്ടുള്ള ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തത്. മുന്‍പ് നഗരത്തില്‍ ഹിന്ദുക്കള്‍ താമസിച്ചിരുന്നില്ലെന്നും, ആരാധനകളൊന്നും നടക്കാതിരുന്നതിനാലാണ് ക്ഷേത്രം ഇത്രയും കാലം അടച്ചിട്ടതെന്നും’ ഇടിപിബി വക്താവ് അമീര്‍ ഹാഷ്മി പറഞ്ഞു.

1992-ല്‍ ഉണ്ടായ ആക്രമണത്തില്‍ ഷവാല തേജ സിംഗ് ക്ഷേത്രത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അമീര്‍ അഹമ്മദിന്റെ നിര്‍ദേശപ്രകാരം ഇടിപിബി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് അമീര്‍ ഹാഷ്മി വ്യക്തമാക്കി.

വിഭജനത്തിനു ശേഷം ഇതാദ്യമായാണ് ക്ഷേത്രം ആരാധനയ്ക്കായി തുറക്കുന്നത്. രണ്ടായിരത്തോളം ഹിന്ദുക്കള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയം സന്ദര്‍ശിക്കാന്‍ സാധിക്കുന്നതില്‍ അവര്‍ സന്തുഷ്ടരാണ്. ഇപ്പോള്‍ തന്നെ ധാരാളം ഹിന്ദുക്കള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലുമുള്ള ഹിന്ദുക്കളും ക്ഷേത്ര സന്ദര്‍ശനത്തിനായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്കും ഈ ക്ഷേത്രം കാണാന്‍ സാഹചര്യമൊരുക്കും’ – ഇടിപിബി ഡെപ്യൂട്ടി ഡയറക്ടര്‍ ഫ്രാസ് അബ്ബാസ് പറഞ്ഞു.

Related Articles

Latest Articles