Saturday, December 20, 2025

മോദി യുഎസിലേയ്ക്ക് പറന്നത് പാകിസ്ഥാന്റെ മുകളിലൂടെ..പ്രധാനമന്ത്രിയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിന് കാതോർത്തു ലോകം

ദില്ലി: ഐക്യരാഷ്ട്രസമിതിയുടെ പൊതുസഭയില്‍ സപ്തംബര്‍ 25 ശനിയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീവ്രവാദത്തിനെതിരായ ശക്തമായ പ്രസംഗം കേള്‍ക്കാന്‍ ലോകം കാതോര്‍ത്തിരിക്കുകയാണ്. ബുധനാഴ്ച പ്രധാനമന്ത്രി യുഎസിലേക്ക് പറന്നത് പാകിസ്ഥാന്റെ മുകളിലൂടെയാണ്.

പാക് വ്യോമപാതയിലൂടെ യുഎസിലേക്ക് പറക്കാന്‍ ഇന്ത്യ പാകിസ്ഥാന്‍റെ വ്യോമപാത തുറന്നുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് പാകിസ്ഥാന്‍ അംഗീകരിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഇന്ത്യയ്ക്ക് വിദേശയാത്രയ്ക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

വാഷിംഗ്ടണില്‍ ശനിയാഴ്ച നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി അന്നുതന്നെ ഐക്യരാഷ്ട്രസമിതിയുടെ പൊതുസഭയെയും അഭിസംബോധന ചെയ്യും. ഇതിനിടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. യോഗത്തിൽ ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ ആധിപത്യത്തെ ചെറുക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

ഐക്യരാഷ്ട്രസമിതിയില്‍ ഇതിനു മുന്‍പ് മൂന്ന് പ്രസംഗങ്ങള്‍ നടത്തിയപ്പോഴും തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മോദി എടുത്തത്. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്‍പത്തേതിനേക്കാള്‍ പ്രാധാന്യം കൈവന്നിരിക്കുകയാണ്. ‘മോദിയുടെ പ്രസംഗം ലോകനേതാക്കള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങള്‍ അദ്ദേഹം അഭിസംബോധന ചെയ്യാറുണ്ട്. ഒപ്പം ഇന്ത്യക്കാര്‍ക്ക് കൂടി ആശങ്കയുള്ള കാര്യങ്ങളും അതില്‍ ഉണ്ടാകും, ‘ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ തിരുമൂര്‍ത്തി വാര്‍ത്താ ഏജന്‍സി എ എന്‍ ഐയോട് പറഞ്ഞു.

‘ആഗോള തീവ്രവാദ ശൃംഖലകള്‍ തകര്‍ക്കല്‍, അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം, തീവ്രവാദവും മതമൗലികവാദവല്‍ക്കരണവും തടയല്‍ എന്നീ വിഷയങ്ങള്‍ പ്രധാനമന്ത്രി യുഎന്നില്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിംഗ്ല പറഞ്ഞു. സപ്തംബര്‍ 25 ശനിയാഴ്ചയാണ് യുഎന്‍ പൊതുസഭയെ മോദി അഭിസംബോധന ചെയ്യുക.

സപ്തംബര്‍ 24ന് മോദിയും ബൈഡനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും. ഈ ചര്‍ച്ചയില്‍ പുഷ്‌കലവും ബഹുമുഖവുമായ ഇന്ത്യാ-യുഎസ് ബന്ധങ്ങള്‍ വിലയിരുത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യും. വ്യാപാരം, നിക്ഷേപ ബന്ധങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുക, പ്രതിരോധ സുരക്ഷാ പങ്കാളിത്തങ്ങള്‍ മെച്ചപ്പെടുത്തുക, ക്ലീന്‍ എനര്‍ജി മേഖലയിലെ പങ്കാളിത്തം വിപുലമാക്കുക എന്നീ കാര്യങ്ങളും ചര്‍ച്ചാ വിഷയമാകുമെന്ന് ശ്രിംഗ്ല പറഞ്ഞു. മോദിയും ജോ ബൈഡനും തമ്മിലുള്ള ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരും ഇന്തോ-പസഫിക് വിഷയങ്ങളും ചര്‍ച്ചയാകും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles