Sunday, June 16, 2024
spot_img

ഒടുവില്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി പാക്കിസ്ഥാൻ: കുൽഭൂഷൺ ജാദവിന്‌ നയതന്ത്ര സഹായം നൽകുമെന്ന് പാക്കിസ്ഥാൻ

കുൽഭൂഷൺ ജാദവിന്‌ നയതന്ത്ര സഹായം നൽകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാൻ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സഹായവും കുൽഭൂഷണ് ലഭ്യമാക്കുമെന്ന് പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഇതിന് മുന്നോടിയായി വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങൾ എന്തൊക്കെയെന്ന് കുൽഭൂഷൺ ജാദവിനെ അറിയിച്ചതായും പാക്കിസ്ഥാൻ വ്യക്തമാക്കി.അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് ഈ തീരുമാനമെന്നാണ് പാക്കിസ്ഥാൻവിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.

കുൽഭൂഷൺ കേസിൽ പാക്കിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്നും നയതന്ത്രസഹായം നിഷേധിച്ചെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിമർശിച്ചിരുന്നു.പാക്കിസ്ഥാനിലെ നിയമങ്ങൾ അനുശാസിക്കുന്ന നയതന്ത്രപരമായ സഹായം ജാദവിന്‌ നൽകും. നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വിയന്ന കൺവൻഷനിലെ ആർട്ടിക്കിൾ 36, ഖണ്ഡിക 1 (ബി) പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച്‌ കുൽഭൂഷൺ ജാദവിനെ കമാൻഡർ അറിയിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്‌ച രാത്രി പാക്‌ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.

വധശിക്ഷ വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസം അനുകൂല വിധി വന്നിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാന്‍ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.

Related Articles

Latest Articles