ഇന്ത്യൻ നാവികസേനയുടെ ആക്രമണം പ്രതീക്ഷിച്ച് പാകിസ്ഥാൻ. കഴിഞ്ഞ രണ്ട് സർജിക്കൽ സ്ട്രൈക്കുകളിലും പങ്കെടുത്തത് യഥാക്രമം കരസേനയും വ്യോമസേനയുമായിരുന്നു. പഹൽഗാം ആക്രമണത്തിൽ ഇന്ത്യ തിരിച്ചടി നൽകിയാൽ നേതൃത്വം നൽകുക ഇന്ത്യൻ നാവികസേനയാണെന്ന് പാകിസ്ഥാൻ കണക്കുകൂട്ടുന്നു. അറബിക്കടലിൽ പാകിസ്ഥാൻ സേനാ വ്യാസം നടത്തുകയാണ്. കറാച്ചിയിൽ ഇന്നും നാളെയും മിസൈൽ പരീക്ഷണത്തിനും പാകിസ്ഥാൻ ഒരുങ്ങുന്നുണ്ട്.
ഇന്ത്യൻ അന്തർവാഹിനികളുടെ സാന്നിധ്യവും അറബിക്കടലിലുണ്ട്. പാകിസ്ഥാന്റെ നീക്കങ്ങൾ ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുകയാണ്. നയതന്ത്ര ബന്ധം ഇന്ത്യ വിച്ഛേദിച്ച സാഹചര്യത്തിൽ സൈനിക നടപടിയും പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി ഇന്നലെ നിർണ്ണായക യോഗം ചെയ്‌തിരുന്നു. ഇന്ന് സർവ്വകക്ഷി യോഗവും ദില്ലിയിൽ ചേരുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സിന്ധു നദീജലക്കരാർ മരവിപ്പിക്കുകയും പാക് പൗരന്മാരുടെ വിസ റദ്ദാക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ദില്ലിയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തിരുന്നു. 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ദില്ലിയിലെ പാക് എംബസിക്ക് മുന്നിൽ വൻ പ്രതിഷേധം ഇപ്പോൾ അരങ്ങേറുകയാണ്.

