പാരിസ്: ഭീകരവാദത്തിന്റെ ജനിതകം പേറുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കടക്കെണിയിലായ പാകിസ്താനില്‍ ഭീകരവാദത്തിന്റെ ജനിതകവുമുണ്ട്. ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥ, യാഥാസ്ഥികമായ സമൂഹം, ഭീകരവാദത്തിന്റെ ആഴത്തിലുള്ള സാന്നിധ്യം തുടങ്ങിയ പാകിസ്താനെ പരാജിത രാഷ്ട്രമാക്കിയെന്നും ഇന്ത്യ ആരോപിച്ചു. യുനെസ്‌കോ സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച അനന്യ അഗര്‍വാളാണ് കടുത്ത വിമര്‍ശനങ്ങള്‍ പാകിസ്താനെതിരെ ഉന്നയിച്ചത്.
യുനെസ്‌കോയെ ദുരുപയോഗം ചെയ്ത് വിഷം തുപ്പാന്‍ ഈ വിഷയം രാഷ്ട്രീയവത്കരിച്ച പാകിസ്താന്റ നടപടിയെ അപലപിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2018ല്‍ പരാജിത രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താന്‍ 14ാം സ്ഥാനത്ത് എത്തിയ കാര്യവും അനന്യ അഗര്‍വാള്‍ എടുത്തുപറഞ്ഞു. ഭീകരവാദവും മതമൗലികവാദവും ഉള്‍പ്പെടെയുള്ള എല്ലാത്തരത്തിലുമുള്ള ഇരുട്ടിന്റെ കേന്ദ്രമാണ് പാകിസ്താനെന്ന് അവര്‍ ആരോപിച്ചു.
യുഎന്‍ വേദിയെ ആണവയുദ്ധ ഭീഷണി ഉയര്‍ത്താനുള്ള വേദിയാക്കിയ നേതാവുള്ള രാജ്യമാണ് പാകിസ്താനെന്നും അനന്യ അഗര്‍വാള്‍ വ്യക്തമാക്കി. ഒസാമ ബിന്‍ലാദനും ജലാലുദീന്‍ ഹഖാനിയും ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പാകിസ്താനില്‍ വീരപരിവേഷം നല്‍കിയിരുന്നുവെന്ന മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന്റെ പരാമര്‍ശവും അനന്യ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ സ്വന്തം മണ്ണില്‍ അതീജീവനത്തിനായി പൊരുതുമ്പോഴും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത് എന്നും അവർ പറഞ്ഞു.

