Sunday, May 12, 2024
spot_img

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജീവൻ അപകടത്തിൽ; വധിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെഹ്‌രീകെ ഇൻസാഫ് നേതാവ് ഫൈസൽ വാവ്ദ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) മുതിർന്ന നേതാവ് ഫൈസൽ വാവ്ദ. ഇമ്രാൻഖാനെ വധിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വാവ്ദ പറഞ്ഞതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ബുള്ളറ്റ് പ്രൂഫ് ഷീൽഡ് ധരിക്കാൻ പ്രധാനമന്ത്രിയോട് ഉപദേശിച്ചതായി വാവ്ഡ പറഞ്ഞു.
ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ ഇമ്രാൻ ഖാൻ സ്ഥാനം രാജിവയ്‌ക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. സഖ്യകക്ഷികളിൽ ചിലർ മറുകണ്ടംചാടിയതിനാൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ ഇമ്രാൻഖാന് കഴിയില്ല.

എന്നാൽ, ഇന്ന് വൈകുന്നേരം സൈനിക മേധാവി ഖമർ ജാവേദ് ബജ്വ, ഡിജി ഐഎസ്ഐ ജനറൽ നദീം അൻജൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഇമ്രാൻഖാൻ തീരുമാനിച്ചിരിക്കുന്നത്. ആത്മവിശ്വാസം ഇല്ലായ്‌മയാണ് ഇതെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അവിശ്വാസ വോട്ടിന് മുന്നോടിയായി മൂന്ന് പ്രധാന സഖ്യകക്ഷികൾ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതോടെ അവിശ്വാസത്തിനു മുൻപ് സർക്കാർ വീഴുമോയെന്നും ആശങ്ക നിലനിൽക്കുന്നുണ്ട്.

അതെ സമയം രാജിവെക്കില്ലെന്നും എന്തുവില കൊടുത്തും അധികാരം നിലനിർത്തുമെന്നുമാണ് ഇമ്രാൻഖാന്റെ വാക്കുകൾ. തന്നെ സ്ഥാനത്തു നിന്ന് നീക്കാൻ അന്താരാഷ്‌ട്ര ഗൂഢാലോചന നടന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചു. വിദേശത്ത് നിന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന വെളിപ്പെടുത്തുന്ന കത്ത് മുതിർന്ന മാധ്യമപ്രവർത്തകർക്കും സഖ്യകക്ഷി അംഗങ്ങൾക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്രിമത്വത്തിലൂടെ മാത്രമേ പ്രധാനമന്ത്രിക്ക് വിജയിക്കാനാകൂവെന്നാണ് ബിലാവൽ ഭൂട്ടോയുടെ നിലപാട്.

Related Articles

Latest Articles