Sunday, May 19, 2024
spot_img

പാലക്കാട് വൻ ചന്ദന വേട്ട;ആഡംബര കാറിൽ കടത്താൻ ശ്രമിച്ചത് 30 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടികൾ;പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി

പാലക്കാട്:കഞ്ചിക്കോട് വൻ ചന്ദന വേട്ട. 30 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടികളാണ് ആഡംബര കാറിൽ കടത്താൻ ശ്രമിക്കവേ പോലീസ് പിടികൂടിയത്.കാറിലുണ്ടായിരുന്നവർ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വാളയാർ ടോൾ പ്ലാസയിൽ ലഹരി വേട്ടയ്ക്കിറങ്ങിയതായിരുന്നു എക്സൈസ് സംഘം. ഈ സമയത്താണ് ഒരു കറുത്ത കാർ പെട്ടെന്ന് മുന്നിലെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർ കൈ കാട്ടി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ കാർ നിർത്താതെ ഓടിച്ചുപോയി. ഇതോടെ എക്സൈസ് സംഘവും പിന്നാലെ പാഞ്ഞു. കഞ്ചിക്കോട് സിഗ്നൽ ജങ്ഷനിൽ എത്തിയപ്പോൾ യുവാക്കൾ കാർ നിർത്തിയ ശേഷം ഇറങ്ങിയോടി.

പിന്നീട് ഇവർ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിലാണ് കാറിൽ ചന്ദനമുട്ടികൾ കണ്ടെത്തിയത്. കാറിനകത്തെ രഹസ്യ അറയിലാണ് ചന്ദനമുട്ടികൾ ഉണ്ടായിരുന്നത്. സേലത്ത് നിന്ന് കൊണ്ടുവന്നതാണ് ചന്ദനമുട്ടികളെന്നാണ് വിവരം. പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. തുടർ നടപടികൾക്കായി തൊണ്ടിമുതലുകളും പ്രതികളെയും വനം വകുപ്പിന് കൈമാറി.

Related Articles

Latest Articles