Saturday, May 18, 2024
spot_img

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; രാഷ്ട്രീയപ്പക മൂലം’, എഫ്ഐആർ

പാലക്കാട്: പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയവിരോധം തന്നെയെന്ന് പൊലീസിന്‍റെ റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം. മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയവിരോധത്തിന്‍റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് എഫ്ഐആർ പറയുന്നത്. എന്നാൽ എന്താണ് കൃത്യം കൊലപാതകകാരണമെന്ന് എഫ്ഐആറിൽ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ പേരുകളും എഫ്ഐആറിലില്ല.

കൊല നടന്ന് ആറ് ദിവസം പിന്നിടുമ്പോഴാണ് എഫ്ഐആർ പകർപ്പ് പുറത്തുവരുന്നത്. കൊലപാതകികൾ വന്നത് വെളുത്ത ചെറിയ കാറിലെന്ന് എഫ്ഐആ‍ർ സാക്ഷ്യപ്പെടുത്തുന്നു. കണ്ടാലറിയാവുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിൽ. തിങ്കളാഴ്ച രാവിലെ 8.45-നാണ് കൃത്യം നടന്നതെന്നും എഫ്ഐആർ പറയുന്നു.

സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് എസ്‍പി ആര്‍ വിശ്വനാഥിന്‍റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെര്‍പ്പുളശ്ശേരി സിഐമാരും സംഘത്തിലുണ്ട്.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്‍റെ ശരീരത്തിലേറ്റത്. ഒരു കൊല്ലം മുമ്പ് സഞ്ജിത്തിനെ എസ്‍ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്‍ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപണം.

Related Articles

Latest Articles