Saturday, May 18, 2024
spot_img

സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ട സംഭവം: പ്രതിഷേധം ശക്തമാക്കി ബിജെപി; പാലക്കാട് ഇന്ന് ഹർത്താൽ

പാലക്കാട്: പാലക്കാട് മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ(Yuvamorcha Leader Murder In Palakkad). സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സംഭവം. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ ആണ് സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബിജെപിയുടെ നേതൃത്വത്തിൽ ആലത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ നടക്കുകയാണ്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ.
അതേസമയം അരുണിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ആശുപത്രിയിൽ നിന്നും മൃതദേഹം ലഭിക്കും. തുടർന്ന് പഴമ്പാക്കോടുള്ള വീട്ടിലേക്ക് വിലാപയാത്ര നടത്തും. സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ യുവമോർച്ച യൂണിറ്റ് ആരംഭിച്ചതിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത് എന്നാണ് ആരോപണം.

കഴിഞ്ഞ രണ്ടിന് സിപിഎം അക്രമികൾ ദാരുണമായി ആക്രമിച്ച അരുൺ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 8 ദിവസമായി ചികിത്സയിലായിരുന്നു. മാരിയമ്മൻ പൂജയ്‌ക്കിടെ മാരകായുധങ്ങളുമായെത്തിയ ഏഴംഗ സംഘമാണ് അരുണിനെ ആക്രമിച്ചത്. സുഹൃത്തുക്കൾക്കൊപ്പം അരുണിനെ തടഞ്ഞ് നിർത്തി മർദ്ദിച്ചു. ഇതിനിടെ അരുണിന്റെ നെഞ്ചിലേക്ക് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

എന്നാൽ ഹൃദയത്തിന് പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായില്ല. എട്ട് ദിവസത്തിന് ശേഷമാണ് അരുൺ മരിച്ചത്. അരുൺ കുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി പാലക്കാട്‌ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ഇ പി നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അതേസമയം യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പോലീസ് വാദം. സംഭവത്തിൽ ആറുപ്രതികളെയാണ് ഇതുവരെ പോലീസ് പിടികൂടിയത്.

Related Articles

Latest Articles