Monday, October 12, 2026

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ പുരുഷൻമാരും സ്ത്രീയും; കുപ്രസിദ്ധ നേതാവ് മൊയ്തീനടക്കമുള്ളവരെന്ന് സംശയം

തളിപ്പറമ്പ്: കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്(Maoist Presence In Kannur). കൊട്ടിയൂർ അമ്പായത്തോട് മേഖലയിലാണ് സംഭവം. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് യുഎപിഎ ചുമത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

അതേസമയം ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും സംഘത്തിൽ ഉണ്ടെന്നാണ് വിവരം.
മേലെ പാൽചുരം കോളനിയ്‌ക്ക് സമീപമുള്ള കാട്ടിലാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. നേരത്തെ ഫെബ്രുവരി 21 ന് നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു. പാമ്പൻകോട് മലയിൽ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവിടെ താമസിക്കുന്ന എം.സണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റുകൾ എത്തിയത്.

മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായാണ് സണ്ണിയും അശോകനും വിവരം നൽകിയത്. ഇവരിൽ നാല് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമായിരുന്നു. സംഘത്തിന്റെ പക്കൽ തോക്കുമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. മാവോയിസ്റ്റ് ലഘുലേഖകൾ വീട്ടുകാർക്ക് നൽകിയ ശേഷം ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്ന് കേരള പൊലീസ് സംഘവും തണ്ടർബോൾട്ടും ഈ മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും സമാനമായ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Related Articles

Latest Articles