ആര്‍എസ്‍എസ് പ്രചാരകനും ജനസംഘം സ്ഥാപക നേതാവുമായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 51 വയസ്സ്. ആര്‍എസ്എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ ദേശീയവാദത്തിന്‍റെ മുഖമുദ്രയായി മാറിയ നേതാവാണ് ദീനദയാല്‍ ഉപാധ്യായ. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ആശയങ്ങള്‍ക്ക് അപ്രമാദിത്വം ഉണ്ടായിരുന്ന നാളുകളില്‍ ഏകാത്മ മാനവ ദര്‍ശനം എന്ന വ്യത്യസ്തമായ രാഷ്ട്രീയപാത വെട്ടിത്തുറന്ന ധീരനായ വ്യക്തിയായിരുന്നു പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ. ഇന്നും സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന അകാലമരണം ദീനദയാല്‍ ഉപാധ്യായയെ തട്ടിയെടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം തന്നെ ഗതിമാറി ഒഴുകുമായിരുന്നുവെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്.

1916ല്‍ ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയിലെ ചന്ദ്രഭന്‍ ഗ്രാമത്തിലാണ് ദീനദയാല്‍ ജനിച്ചത്. ഭഗവതി പ്രസാദ് ജ്യോതിഷിയുടേയും രാം പ്യാരിയുടേയും മകനായി ജനിച്ച അദ്ദേഹം എട്ടാം വയസ്സില്‍ അനാഥനായി. 1939ല്‍ കാണ്‍പൂരിലെ സനാതന്‍ ധര്‍മ കൊളജില്‍ നിന്ന് ബിഎ ആഗ്രയിലെ സെന്‍റ് ജോണ്‍സ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തിന് ചേര്‍ന്നെങ്കിലും അദ്ദേഹത്തിന് തന്‍റെ പഠനം പൂര്‍ത്തിയാക്കാനായില്ല.

1937ലാണ് ദീനദയാല്‍ ഉപാധ്യായ ആര്‍എസ്‍എസിലേക്ക് ചുവട് വയ്ക്കുന്നത്. തന്‍റെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം 21ാം വയസ്സില്‍ പ്രസ്ഥാനത്തിന്‍റെ യുവ പ്രചോദനമായി. 1942 ല്‍ മുഴുവന്‍ സമയ ആര്‍എസ്‍എസ് പ്രവര്‍ത്തകനായി. ആദ്യകാലത്ത് ലഖിംപൂര്‍ ജില്ലയിലെ പ്രചാരക് ആയിരുന്നു. ഹിന്ദുത്വ ദേശീയത പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1940ല്‍ രാഷ്ട്രധര്‍മ്മ എന്ന പേരില്‍ മാസികയാരംഭിച്ചു. പിന്നീട് പാഞ്ചജന്യ എന്ന വാരികയ്ക്കും സ്വദേശ് എന്ന ദിനപത്രത്തിനും അടിത്തറ പാകി. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘ് സ്ഥാപിച്ചപ്പോള്‍ ആര്‍എസ്‍എസ് പിന്തുണയില്‍ സംഘടനയിലെ മുന്‍നിരയില്‍ ദീനദയാല്‍ ഇടംപിടിച്ചു. അദ്ദേഹം 1953ല്‍ സംഘടനയുടെ സാരഥിയാകുകയും 15 വര്‍ഷം ജനസംഘത്തിന്‍റെ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

ബിജെപി അധികാരത്തിലെത്തിയ ശേഷം ദീനദയാലിനെ കുറിച്ചുള്ള അധ്യായങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, ദീനദയാല്‍ ഉപാദ്ദ്യായ ഗ്രാമീണ്‍ കൗശല്യ യോജന, തുടങ്ങി നിരവധി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ പേരില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്.

1968 ഫെബ്രുവരി 11ന് ഉത്തര്‍പ്രദേശിലെ മുഗള്‍സരായി റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടയുകയായിരുന്നു. പുലര്‍ച്ചെ 3.45ന് സ്റ്റേഷനില്‍ നിന്ന് 150 യാര്‍ഡ് അകലെ 1276 എന്ന് നമ്പര്‍ രേഖപ്പെടുത്തിയ ഇലക്ട്രിക് പോസ്റ്റിന് താഴെ അദ്ദേഹത്തിന്‍റെ മൃതശരീരം കണ്ടെത്തുകയായിരുന്നു.