Tuesday, September 22, 2026

പാറശ്ശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്‌മയ്‌ക്ക് വധശിക്ഷ; അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി; മൂന്നാം പ്രതി നിർമ്മല കുമാരന് മൂന്നുവർഷം തടവ്

നെയ്യാറ്റിൻകര: പാറശ്ശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്‌മയ്‌ക്ക് വധശിക്ഷ. പ്രതി നടത്തിയത് ക്രൂരമായ കൊലപാതകമെന്നും കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നും കോടതി വിലയിരുത്തി. രണ്ടു ലക്ഷം രൂപ പിഴയും കൊലപാതകത്തിന് വിധിച്ചു. തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയുണ്ട്. കൂടാതെ വിഷം കൊടുത്തതിന് അഞ്ചുവർഷം തടവും 50000 രൂപ പിഴയുമുണ്ട്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാരന് തെളിവ് നശിപ്പിച്ച കുറ്റത്തിന് മൂന്നുവർഷം തടവിനും ശിക്ഷ വിധിച്ചു. സ്വയം തീർത്ത തെളിവുകൾ പ്രതി ഗ്രീഷ്‌മ ചുമന്നു നടന്നുവെന്ന പോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 48 ലധികം സാഹചര്യ തെളിവുകൾ കേസിലുണ്ടെന്നും കോടതി വിലയിരുത്തി. 568 പേജുള്ള വിധിയുടെ പ്രസക്ത ഭാഗങ്ങൾ വൈകാരികമായിത്തന്നെ കോടതി വായിച്ചു. സാഹചര്യത്തെളിവുകൾ ദൃക്‌സാക്ഷികളെ പോലെ പ്രവർത്തിച്ചു. സമർത്ഥമായി കേസന്ന്വേഷിച്ച പൊലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന വിധി പറഞ്ഞത്. കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കളെ കോടതി മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയതിന് ശേഷമാണ് കോടതി വിധിപറയാൻ തുടങ്ങിയത്. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവുവേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ അടക്കം സൂക്ഷിച്ച് ഗ്രീഷ്‌മയെ ഷാരോൺ ശല്യം ചെയ്‌തിരുന്നു എന്ന വാദത്തെയും കോടതി തള്ളി. ഷാരോണിന്റെ പ്രണയം ആത്മാർത്ഥമായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തൽ. ഗ്രീഷ്‌മയ്‌ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദവും കോടതി തള്ളി.ജ്യൂസ് ചലഞ്ചിലൂടെയുള്ള വധശ്രമം തെളിഞ്ഞെന്ന് കോടതി പറഞ്ഞു.

2022 ഒക്ടോബർ 14 നാണ് ഗ്രീഷ്‌മ തന്റെ കാമുകനായ ഷാരോണിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി വിഷം ചേർത്ത കഷായം നൽകിയത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ഷാരോൺ 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങി. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്.

Related Articles

Latest Articles