Monday, May 20, 2024
spot_img

പാറശാലയിലെ യുവാവിന്റെ മരണം; കഷായം കുറിച്ച് നൽകിയത് ഡോക്ടറെന്ന് യുവതി,
ഒന്നര വർഷം മുൻപ് സ്ഥലം മാറി പോയതാണെന്ന് വെളിപ്പെടുത്തി ഡോക്ടർ

പാറശ്ശാല: ജ്യൂസ് കുടിച്ച് മരണപ്പെട്ട ഷാരോണും യുവതിയും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്.
ഷാരോൺ കുടിച്ച കഷായം നൽകിയത് ഡോക്ടർ അരുൺ എഴുതി തന്നതെന്ന് യുവതി ചാറ്റിൽ പറയുന്നുണ്ട്. സഹോദരിയുടെ സുഹൃത്തായ ഡോക്ടർ വീട്ടിലെത്തി മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. ഡോക്ടർ ഇപ്പോൾ കോഴിക്കോടാണെന്ന് ഷാരോണിന്റെ സഹോദരനോട് യുവതി പറഞ്ഞു. പുത്തൻകടയിലായിരുന്നു ഡോക്ടറുടെ ക്ലിനിക്കെന്നും യുവതി ചാറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട് .

എന്നാൽ, യുവതിയുടെ വാക്കുകൾ നിഷേധിച്ച് ആയുർവേദ ഡോക്ടർ രംഗത്ത് വന്നിരിക്കുകയാണ്. മരുന്ന് നിർദ്ദേശിച്ചിട്ടില്ലെന്ന് ഡോക്ടർ അരുൺ കുമാർ വ്യക്തമാക്കി. ഒന്നര വർഷം മുമ്പ് താൻ പുത്തൻകടയിൽ നിന്ന് ട്രാൻസ്ഫറായി പോയെന്നും വീട്ടിൽ പോയി ആർക്കും മെഡിസിൻ നിർദ്ദേശിക്കാറില്ലെന്നും അരുൺ പറഞ്ഞു.

ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിതയിലിരിക്കെ മരണപ്പെടുന്നത്. ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.

Related Articles

Latest Articles