ഡൽഹി കലാപക്കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിനെ മതസ്വാതന്ത്ര്യത്തിനായി പോരാടുന്ന വ്യക്തിയായി വിശേഷിപ്പിച്ച് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനായ യു.എസ്.സി.ഐ.ആർ.എഫ് (USCIRF) രംഗത്തെത്തിയത് പുതിയ വിവാദത്തിന് വഴിവെച്ചു. നവംബർ 13ന് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഷർജീൽ ഇമാം ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ട മുസ്ലിം വ്യക്തിയാണെന്ന് കമ്മീഷൻ വിശേഷിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷൻ അവകാശപ്പെട്ടു. എന്നാൽ 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഇമാമിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന കാര്യം ഈ വിശേഷണത്തിൽ വേണ്ടത്ര പരിഗണിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
USCIRF-ന്റെ പരാമർശത്തിനെതിരെ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ വിലയിരുത്താൻ USCIRF-ന് നിയമപരമായോ ധാർമികമായോ അധികാരമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെയും എല്ലാ മതവിഭാഗങ്ങൾക്കും തുല്യാവകാശം ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയെയും കുറിച്ച് പക്ഷപാതപരവും അപൂർണവുമായ വിലയിരുത്തലുകളാണ് കമ്മീഷൻ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. സ്വന്തം മുൻവിധികൾ പരിശോധിക്കണമെന്നും മറ്റു രാജ്യങ്ങളെ ഉപദേശിക്കുന്നത് അവസാനിപ്പിക്കണമെന്നും ക്വാത്ര ആവശ്യപ്പെട്ടു.
അതേസമയം, 2020 ജനുവരിയിൽ അലിഗഢ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ഭാരതത്തിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് വേർപെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഷർജീൽ ഇമാം അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സിലിഗുരി ഇടനാഴി തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രസംഗങ്ങളും ഡൽഹി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന പൊലീസിന്റെ ആരോപണങ്ങളും കേസിന്റെ ഭാഗമാണ്. 2020 ജനുവരി 28നാണ് ഇയാൾ അറസ്റ്റിലായത്. ഇമാമിന്റെ തടങ്കലിനെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി USCIRF നടത്തിയ പരാമർശവും അതിനെതിരെ ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധി നൽകിയ മറുപടിയും ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

