ഉത്തർപ്രദേശിലെ മീററ്റിൽ ഹിന്ദു ഉടമസ്ഥതയിലുള്ള സാരി ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 12ന് മവാനയിലെ മുഹല്ല മുനാലാലിലുള്ള കൃഷ്ണ സാരി ഷോറൂമിന് പുറത്താണ് സംഭവം. ഷോറൂം ഉടമ അജയ് കുമാർ ശർമയുടെ പരാതിപ്രകാരം, കടയ്ക്ക് പുറത്തു പ്രദർശിപ്പിച്ചിരുന്ന ദുപ്പട്ടകൾക്ക് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയ ശേഷം പ്രതി കടന്നുകളയുകയായിരുന്നു. കടയ്ക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാർ ഇസ്ലാമിയ മദ്രസയ്ക്ക് സമീപത്തുനിന്ന് പിടികൂടി പൊലീസിന് കൈമാറി.
തീപടർന്നതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചു. സമയബന്ധിതമായി തീ നിയന്ത്രണവിധേയമാക്കിയതിനാൽ ഷോറൂമിനുള്ളിലേക്കും സമീപത്തെ മറ്റ് കടകളിലേക്കും തീ പടരുന്നത് ഒഴിവായി. തീ അണയ്ക്കുന്നതിനിടെ കടയുടമയുടെ മകന് പൊള്ളലേറ്റതായും റിപ്പോർട്ടുകളുണ്ട്. തിരക്കേറിയ വ്യാപാരമേഖലയിൽ തീ കൂടുതൽ വ്യാപിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടമുണ്ടാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ മവാന പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മീററ്റ് പൊലീസ് അറിയിച്ചു. പ്രതി പ്രായപൂർത്തിയാകാത്തയാളാണെന്നും നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

