Saturday, November 14, 2026

ലോകത്തിലെ ആദ്യത്തെ ടിൽറ്റഡ് എൽഇഡി പ്ലാനറ്റോറിയം മൈസൂരുവിൽ: ‘കോസ്മോസ്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ ‘കോസ്മോസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചാമുണ്ഡി കുന്നുകളുടെ താഴ്‌വാരത്തുള്ള മൈസൂർ സർവകലാശാല ക്യാമ്പസിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് വികസിപ്പിച്ച ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഭാരതത്തിലെ ആദ്യത്തെ എൽഇഡി ഡോം പ്ലാനറ്റോറിയമാണിത്. 15 മീറ്റർ വ്യാസമുള്ള ചരിഞ്ഞ താഴികക്കുടത്തിൽ ഏകദേശം 6,150 പാനലുകളും 4.2 കോടി എൽഇഡികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ പ്ലാനറ്റോറിയങ്ങളിൽ പ്രൊജക്ടറുകൾ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതെങ്കിൽ ഇവിടെ താഴികക്കുടം മുഴുവനും എൽഇഡി സ്ക്രീനുകളായാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ പ്രപഞ്ചത്തിന്റെ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയോടെയും തത്സമയ നിയന്ത്രണത്തോടെയും പ്രദർശിപ്പിക്കാൻ കഴിയും.

ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ആര്യഭടൻ, വരാഹമിഹിരൻ, ഭാസ്കരാചാര്യർ, നീലകണ്ഠ സോമയാജി തുടങ്ങിയ പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രജ്ഞരുടെ സംഭാവനകൾ അനുസ്മരിച്ചു. ആധുനിക ഉപകരണങ്ങളോ സാങ്കേതികവിദ്യകളോ ഇല്ലാതിരുന്ന കാലത്തും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങൾ പഠിച്ച് സങ്കീർണമായ കണക്കുകൂട്ടലുകളും കണ്ടെത്തലുകളും നടത്താൻ അവർക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിൽ ശാസ്ത്രവും ആത്മീയതയും ഒരുമിച്ചാണ് വളർന്നതെന്നും ചന്ദ്രയാൻ-3, ആദിത്യ എൽ1 തുടങ്ങിയ ദൗത്യങ്ങൾ രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ തെളിവുകളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ബഹിരാകാശ ഗവേഷണത്തോടുള്ള താൽപ്പര്യവും വളർത്തുന്നതിനുള്ള പ്രധാന കേന്ദ്രമായി കോസ്മോസ് മാറുമെന്നാണ് പ്രതീക്ഷ. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് പ്ലാനറ്റോറിയം സന്ദർശിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രദർശനങ്ങൾ ഒരുക്കുന്നതിനൊപ്പം ജ്യോതിശാസ്ത്ര മ്യൂസിയം, പ്രദർശന ഹാളുകൾ, പരിശീലന കേന്ദ്രം, പ്രഭാഷണശാല തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ഇന്ന് പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാനെത്തുന്ന കുട്ടികളിൽ ചിലർ നാളെ പുതിയ കണ്ടെത്തലുകളുമായി തിരിച്ചെത്തുന്ന ശാസ്ത്രജ്ഞരായി മാറുന്നതാണ് ഈ പദ്ധതിയുടെ യഥാർത്ഥ വിജയമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles