ദില്ലി : രാജ്യത്തെ ഒന്നടങ്കം വേദനയുടെ ആഴത്തിലാഴ്ത്തിയ പാർലമെൻറ് ആക്രമണത്തിന് ഇന്ന് 21 വയസ്സ്. 2001 ഡിസംബർ 13നാണ് ലഷ്കർ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേർന്ന് പാർലമെൻറ് ആക്രമിച്ചത്.ആറ് ഡെൽഹി പോലീസ് സേനാംഗങ്ങൾ, രണ്ട് പാർലമെന്റ് സർവീസ് ഉദ്യോഗസ്ഥർ ഒരു ഗാർഡനർ അടക്കം ആകെ 9 പേരുടെ മരണത്തിനു കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു തീരാ കളങ്കമായി.സേന 5 തീവ്രവാദികളെ വധിച്ചു.ഇന്ത്യ പാകിസ്ഥാൻ ബന്ധം ആക്രമണം കൂടുതൽ മോശമാക്കി. ഇന്നത്തെ ദിവസം കണക്കിലെടുത്ത് പാർലമെന്റിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട് പട്രോളിംഗിന്റെ എണ്ണവും വർധിപ്പിച്ചു. സംശയാസ്പദമായ എന്ത് കണ്ടാലും പരിശോധിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള നിർദേശം.പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ഇന്ന് ആക്രമണത്തില്‍ മരിച്ചവർക്ക് സഭയില്‍ ആദരാജ്‌ഞലി അർപ്പിക്കും.ആക്രമണം നടക്കുമ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു എൽ .കെ.അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ തീവ്രവാദികൾ വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.

