Monday, May 20, 2024
spot_img

പാർലമെന്റ് അതിക്രമം! പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു ! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് ദില്ലി പോലീസ്

പാര്‍ലമെന്റ് അതിക്രമകേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് ദില്ലി പോലീസ്. പാര്‍ലമെന്റില്‍ അതിക്രമം നടത്തുമ്പോള്‍ സ്വയം തീകൊളുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും എന്നാൽ തീകൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ക്രീം ലഭിക്കാത്തതിനാൽ ഇത് ഉപേക്ഷിക്കുകയായിരുന്നുവെന്നും തുടർന്നാണ് പ്ലാൻ ബി ആയ സ്‌മോക്ക് ബോംബ് അറ്റാക്കിലേക്ക് ഇവർ കടന്നതെന്നും പോലീസ് വ്യക്തമാക്കി. അതിക്രമത്തിലെ തലച്ചോറായ ലളിത് ഝായെ ചോദ്യംചെയ്തപ്പോള്‍കിട്ടിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. രാജസ്ഥാനിലെ നാഗൂര്‍ ജില്ലക്കാരനായ മഹേഷ് കുമാവത് എന്നയാളെ ശനിയാഴ്ചയാണ് പിടികൂടിയത്. മഹേഷിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. അതിക്രമം നടന്ന ദിവസം മഹേഷും ദില്ലിയിലുണ്ടായിരുന്നുവെന്നാണ് നിഗമനം.

ലളിത് ഝാ അടക്കം നേരത്തെ പിടിയിലായ അഞ്ച് പ്രതികളുടെയും ചോദ്യംചെയ്യല്‍ തുടരുകയാണ്. പ്രതികളെ അവരവരുടെ വീടുകളിലെത്തിച്ച് തെളിവെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതികളിലൊരാളായ നീലവുമായി പോലീസ് ഹരിയാനയിലേക്ക് പുറപ്പെട്ടുവെന്ന വിവരവുമുണ്ട്.

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് പാർലമെന്റിലെ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി സ്‌മോക്ക് ബോംബ് പ്രയോഗിച്ചു. മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

കൃത്യമായ തയ്യാറെടപ്പും ആസൂത്രണവും അതിക്രമത്തിന് പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായവര്‍ എല്ലാവരും ചോദ്യംചെയ്യലില്‍ നല്‍കുന്നത് ഒരേ മൊഴി ആയതിനാൽ എന്തുമൊഴി നല്‍കണമെന്ന് നേരത്തേതന്നെ ഇവര്‍ ആസൂത്രണം ചെയ്യുകയും പരിശീലനം നേടുകയും ചെയ്തിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഡിസംബര്‍ 10ന് ഇവര്‍ ഗുരുഗ്രാമില്‍ വിശാലിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. പാര്‍ലമെന്റിലേക്കുള്ള പ്രവേശനവും മറ്റും നിരീക്ഷിക്കാന്‍ മനോരഞ്ജനെ മുഖ്യ ആസൂത്രകന്‍ ലളിത് ഝാ ചുമതലപ്പെടുത്തി. ജൂലായില്‍ മനോരഞ്ജന്‍ വര്‍ഷകാല സമ്മേളനകാലത്ത് ലോക്‌സഭ സന്ദര്‍ശിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ ഷൂ പരിശോധന ഇല്ലെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

Related Articles

Latest Articles