Wednesday, May 15, 2024
spot_img

തിരുവാഭരണങ്ങൾ പടിയിറങ്ങി: ആളും ആരവവും ഒഴിഞ്ഞു; പൂങ്കാവനം വീണ്ടും യോഗനിദ്രയിൽ

പത്തനംതിട്ട: ഒരു മണ്ഡലമകരവിളക്ക് കാലത്തിന് കൂടി പരിസമാപ്തി കുറിച്ചുകൊണ്ട് തിരുവാഭരണങ്ങൾ പടിയിറങ്ങി. ഇന്ന് രാവിലെ 4 മണിക്ക് ക്ഷേത്ര നട തുറന്നെങ്കിലും ശബരിമലയിലുള്ള പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമേ ദർശനം ഉണ്ടായിരുന്നുള്ളു. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും തന്നെ പ്രവേശനം ഉണ്ടായിരുന്നില്ല. ദർശനം പൂർത്തിയായി ഉടൻ തന്നെ ഹരിവരാസനം പാടി നട അടച്ചു.

ശേഷം 6 മണിയോടെ തിരുവാഭരണങ്ങൾ പടിയിറങ്ങി. തുടർന്ന് ആചാരവിധിപ്രകാരം മേൽശാന്തി പതിനെട്ടുപടികൾ ഇറങ്ങി വന്ന് ശ്രീകോവിലിൻ്റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറി. ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിൻ്റെ താക്കോലും മേൽശാന്തിയ്ക്കും തിരികെ നൽകി.

തുടർന്ന് പേടകങ്ങൾ വഹിച്ച് പേടകവാഹകർ പതിനെട്ടാംപടിയിലൂടെ പന്തളത്തിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. നിലവിൽ തിരുവാഭരണ സംഘം പമ്പയിലെത്തി. കാനന മാർഗം അട്ടത്തോട്ടിലേക്ക് യാത്രതിരിച്ചു.

അങ്ങനെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി. ഇനി കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് 5 മണിക്ക് തുറക്കും. 13 മുതൽ 17 വരെ യാണ് നട തുറന്നിരിക്കുക.17 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും.

Related Articles

Latest Articles