Tuesday, May 21, 2024
spot_img

അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം അടയ്ക്കാ മരമായി വളർന്ന ഗണേഷ്‌കുമാറിനെയോ? മിത്ത് വിവാദത്തിൽ ഷംസീറിനെ തള്ളി; പൊതുമരാമത്ത് മന്ത്രിയെ ചോദ്യം ചെയ്തു; ഗണേശിന്റെ പരസ്യ പ്രസ്താവനകളിൽ വലഞ്ഞ് സിപിഎം !

കൊല്ലം : പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിന്റെ പരസ്യ നിലപാടുകൾ വീണ്ടും സിപിഎമ്മിന് തലവേദന സൃഷിട്ടിക്കുന്നു. അടുത്ത ഇടതു മുന്നണി യോഗത്തിൽ ഗണേശിന്റെ പ്രസ്താവനകളിൽ സിപിഎം അതൃപ്തിയും രേഖപ്പെടുത്തുമെന്നും ഇത്തരം പ്രസ്താവനകളിൽ നിന്ന് പരോക്ഷമായെങ്കിലും വിലക്കാൻ ശ്രമിക്കുമെന്നാണ് ലഭിക്കുന്ന വിവരം . ഇടതു പക്ഷത്തിന്റെ പൊതു നിയമങ്ങൾ മുന്നണിയിലെ കക്ഷികൾ ഒന്നാകെ അനുസരിക്കണമെന്ന അപ്രഖ്യാപിത നിയമമുണ്ടെന്നിരിക്കെ ഗണേഷ് കുമാർ നടത്തുന്ന പ്രസ്താവനകൾ അദ്ദേഹത്തെ മുന്നണിക്ക് പുറത്തേക്കുള്ള വഴി തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെ പരസ്യമായി തള്ളി പറഞ്ഞ ഗണേശ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പിണറായി വിജയൻറ്‍റെ മരുമകൻ കൂടിയായ പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ചത് പാർട്ടി നേതൃത്വത്തെ കുറച്ചൊന്നുമല്ല അമ്പരിപ്പിച്ചത്. പൊതു വേദിയിലെ ഈ വിമർശനം പാർട്ടിയെ മൊത്തത്തിൽ മോശമായി ബാധിച്ചുവെന്നാണ് സിപിഎം വിലയിരുത്തൽ. അതിനാൽ തന്നെ പൊതുമരാമത്തിനെ വിമർശിക്കുന്നവർ പാർട്ടി ശത്രുക്കളാണെന്ന സന്ദേശം നൽകും. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ല. മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങിൽ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെ ഗണേശ് വിമർശിക്കുകയും ചെയ്തു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ ഗണേശ് പരസ്യമായി വിമർശിച്ചത്.

പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ റിയാസിനെ സുധാകരന് മുകളിലേക്ക് കൊണ്ടു വരാനും മുന്നണിയിൽ നീക്കം നടക്കുന്നുണ്ട്. ഇതാണ് ഗണേശ് ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതും. ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയടിച്ച് അറിയിക്കണം. പോസ്റ്റിൽ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്. ഫലത്തിൽ വേദിയിൽ റിയാസിനെ എല്ലാ അർത്ഥത്തിലും തൃണവൽക്കരിക്കുകയായിരുന്നു ഗണേശ്. ഇതോടെ വരുന്ന മന്ത്രി സഭാ പുനഃസംഘടനയിൽ ഗണേഷ് ഉണ്ടാവില്ല എന്ന് വേണം കരുതാൻ. ഇങ്ങനെവന്നാൽ മുന്നണി വിടാൻ ഗണേഷ്‍ കുമാർ തയ്യാറായേക്കും. അങ്ങനെയെങ്കിൽ ഗണേഷിനെ മുന്നണിയിലെത്തിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയേക്കും.സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശവിവാദത്തില് എൻ എസ് എസിനൊപ്പമായിരുന്നു ഗണേശ്. ഗണേശ്‌കുമാർ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവുമാണ്. മുന്നണി മാറ്റത്തിന് ഗണേഷിനെ പ്രേരിപ്പിക്കാൻ ഇതും അനുകൂല ഘടകമാകുമെന്നാണ് കരുതപ്പെടുന്നത്

Related Articles

Latest Articles