തിരുവനന്തപുരം: പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന ഗുണ്ടാ നേതാക്കൾ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടെന്ന് പോലീസ്. കേസിലെ രണ്ടാം പ്രതി ആരിഫാണ് ഫോൺ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ കുടുംബാംഗത്തെയും സിപിഐ നേതാവിന്റെ കുടുംബാംഗത്തെയുമാണ് ഇയാൾ വിളിച്ചത്. ഇതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയും ഫോൺ പിടികൂടുകയും ചെയ്തത് . കേസിലെ ഒന്നും രണ്ടും പ്രതികളായ ആസിഫും, ആരിഫും ഊട്ടിയിൽ ഒളിവിലാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തിരുവനന്തപുരത്തെ ഗുണ്ടാക്രമണങ്ങളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പേട്ട പോലീസ് അന്വേഷിക്കുന്ന പാറ്റൂർ ഗുണ്ടാ ആക്രമണ കേസും, മ്യൂസിയം പോലീസ് അന്വേഷിക്കുന്ന മേട്ടുക്കട ആക്രമണ കേസുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പാറ്റൂർ കേസ് അന്വേഷിച്ച പേട്ട ഇൻസ്പെക്ടർ മുഹമ്മദ് റിയാസിനെ സസ്പെൻറ് ചെയ്യുകയും തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു.

