തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നല്കാൻ ശുപാർശ. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം. എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശുപാർശ നൽകി.
ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വിദ്യാർത്ഥികൾക്ക് വേണ്ടത്. എന്നാൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ആർത്തവ അവധി കണക്കിലെടുത്ത് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാൽ പരീക്ഷയെഴുതാം എന്ന ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കാനാണ് യുവജന കമ്മീഷൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകിയത്.

