Saturday, May 18, 2024
spot_img

പയ്യന്നൂർ ഫണ്ട് തിരിമറിയിൽ കൂട്ട നടപടി;നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും ചുമതലയിൽ നിന്നും മാറ്റി

പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനൻ ഉൾപ്പെട്ട ഫണ്ട് തിരിമറി ആരോപണങ്ങളിൽ കൂട്ട അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. ടിഐ മധുസൂധനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. രണ്ട് ഏരിയ കമ്മറ്റി അംഗങ്ങൾക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. കെകെ ഗംഗാധരൻ, ടി വിശ്വനാഥൻ എന്നിവരെ കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയെന്നാണ് വിവരം. നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും ചുമതലയിൽ നിന്നും മാറ്റി. സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷിന് പകരം ചുമതല നൽകി. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടിയുണ്ടായത്. എന്നാൽ അതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ അറിയിച്ചു. എംവി ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനം.

നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും എംഎൽഎയ്‍ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ മധുസൂധനൻ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാർട്ടിക്ക് യോജിച്ച രീതിയിലല്ലെന്നാണ് വിമർശനമുണ്ടായത്. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനൻ ഉൾപ്പെടെ പയ്യന്നൂരിൽ നിന്നുള്ള ആറ് പേർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് മറുപടി വാങ്ങിയതിന് ശേഷമാണ് നടപടിയുണ്ടാകുന്നത്

Related Articles

Latest Articles