Monday, May 20, 2024
spot_img

ഇടത് സർക്കാർ സാമൂഹ്യവിരുദ്ധരുടെ അഭയ കേന്ദ്രമായി മാറുന്നുവെന്ന് പി.സി ജോർജ് !

ഇന്ത്യൻ പ്രസിഡൻ്റാക്കാമെന്ന് പറഞ്ഞാലും എൽഡിഎഫിലേക്ക് പോകില്ലെന്ന് പറഞ്ഞു പിണറായി സർക്കാരിന്റെ പാർട്ടിയെ വാരിയലാകുകയാണ് ജനപക്ഷം നേതാവ് പി.സി.ജോർജ്. ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ് എൽഡിഎഫിൽ ചേരുന്നത് എന്ന് തുറന്നു പറയുന്ന അദ്ദേഹം, തന്നെ തല്ലിക്കൊന്ന് കുഴിച്ചിട്ടാലും എൽഡിഎഫിലേക്ക് പോകില്ലെന്ന് ആണ് വ്യക്തമാകുന്നത്. ഇടത് സർക്കാർ സാമൂഹ്യവിരുദ്ധരുടെ അഭയ കേന്ദ്രമായി മാറിയെന്ന് ആണ് പി.സി.ജോർജ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും ശബ്ദിച്ചാലോ സമരം നടത്തിയാലോ പ്രതിയാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. കോടതികൾ പ്രവർത്തിക്കുന്നത് കൊണ്ടു മാത്രമാണ് താൻ പുറത്തിറങ്ങി നടക്കുന്നതെന്നും പി.സി.ജോർജ് വ്യക്തമാക്കി. കൃഷി, ആരോഗ്യം വ്യവസായം, വിദ്യാഭ്യാസം തുടങ്ങി സർവ മേഖലകളെയും തകർത്ത ഭരണമാണ് കഴിഞ്ഞ ഏഴ് വർഷമായി നടക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇടത് സർക്കാരിന്റെ മുഖമുദ്ര. സംസ്ഥാനത്തിന്റെ പൊതുകടം 4.67 ലക്ഷം കോടിയായി മാറിയിട്ടും ധൂർത്തും അഴിമതിയും സർക്കാർ തുടരുകയാണ്. സ്വർണ കള്ളകടത്ത്, ലൈഫ് മിഷൻ കോഴ എന്നീ കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണ്. കെ റെയിൽ പദ്ധതി വഴി കോടികളുടെ കമ്മീഷൻ അടിക്കാനായിരുന്നു ഇടത് സർക്കാരിന്റെ പദ്ധതി. എന്നാൽ ജനങ്ങളുടെ ശക്തമായ എതിർപ്പോടെയാണ് സർക്കാരിന് പിന്നാക്കം പോകേണ്ടി വന്നത്.

അതേസമയം, മോൻസൻ മാവുങ്കൽ വായ തുറന്നാൽ ഒരു മന്ത്രിയും, രണ്ട് മുൻ മന്ത്രിമാരും, പ്രൈവറ്റ് സെക്രട്ടറിമാരും പ്രതിക്കൂട്ടിലാകുമെന്നും പി.സി. ജോർജ് ആരോപിച്ചു. കൂടാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് 500 രൂപയാണ് സിപിഎം നൽകിയത്. മന്ത്രി വാസവനോട് ചോദിച്ചാൽ ഇക്കാര്യത്തിലെ സത്യാവസ്ഥ അറിയാനാകും. വാസവൻ വന്നതിൻ്റെ പിറ്റേ ദിവസം മുതലാണ് പണം വിതരണം ചെയ്തത്. 22 വോട്ടുള്ള ഒരു മേഖലയിൽ ഓരോരുത്തർക്കും 500 രൂപ വീതമാണ് വിതരണം ചെയ്തത്. പണം വാങ്ങിയവരാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്ന് പി സി ജോർജ് വ്യക്തമാക്കി. അതേസമയം, പിണറായിക്കെതിരെ ഇതിനു മുൻപും പി സി ജോർജ് രംഗത്ത്‌ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഫാരീസ് അബൂബക്കറുമാണെന്നായിരുന്നു ജോർജിൻറെ മുൻ ആരോപണം. ഹാരിസിൻറെ നിക്ഷേപങ്ങളിൽ പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപിച്ച പി സി ജോർജ്, മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്നും ജോർജ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകൾ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു.

കൂടാതെ പിണറായിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണമെന്ന് പി സി ആവശ്യപ്പെട്ടു. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിൻറെ ഇടപാടുകൾക്കെതിരെയും പി.സി.ജോർജ് ആരോപണമുയർത്തിയിരുന്നു. ഫാരിസ് അബൂബക്കർ ആറുവർഷമായി കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണെന്നും സംസ്ഥാന ഭരണത്തിൽ പിണറായി വിജയൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഫാരിസിൻറേതാണെന്നും പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഫാരിസിൻറെ നോമിനിയായാണ് മുഹമ്മദ് റിയാസിന് 2009ൽ ലോക്സഭ സീറ്റ് നൽകിയത്. പിണറായിയുടെ മക്കളുടെ കല്യാണത്തിന് ഫാരിസിൻറെ സാന്നിധ്യം ഉണ്ടായിരുന്നു. അയാളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം പുറത്തുപറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ കേസും അറസ്റ്റും ഉണ്ടായത്. സർക്കാറിനായി കുടുംബശ്രീ സമാഹരിച്ച സംസ്ഥാനത്തെ തൊഴിൽരഹിതരുടെ ഡേറ്റ വിറ്റത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പി.സി.ജോർജ് ആരോപിച്ചിരുന്നു.

Related Articles

Latest Articles