Wednesday, May 15, 2024
spot_img

കൃഷ്ണ വീണ്ടും കാടിറങ്ങി; കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന് സംശയം, അമ്മയാന വന്നില്ലെങ്കിൽ സംരക്ഷിക്കാനൊരുങ്ങി വനംവകുപ്പ്

പാലൂര്‍: അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി വീണ്ടും കാടിറങ്ങി. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കാട്ടാനക്കുട്ടിയ്ക്ക് വനം വകുപ്പ് കൃഷ്ണ എന്ന് പേരിട്ടു. കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതു കൊണ്ടാണ് ഈ പേര്. വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിക്ക് പഴവും വെള്ളവും നൽകുന്നുണ്ട്.

രാത്രി വരെ കൃഷ്ണയെ കാട്ടിൽ പ്രത്യേക ഷെൽട്ടറിൽ നിർത്തും. അതിനു ശേഷവും അമ്മയാന വന്നില്ലെങ്കിൽ വനംവകുപ്പിൻ്റെ സംരക്ഷണയിലാക്കും. ഒരു വയസ് പ്രായമാണ് കുട്ടിയാനയ്ക്കുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന സംശയമാണ് വനംവകുപ്പിനുള്ളത്. കാട്ടാനക്കുട്ടിയെ കാടു കയറ്റാൻ വനംവകുപ്പിൻ്റെ ജീപ്പിലാണ് കൊണ്ടുപോയത്. കുട്ടിയാനയുടെ ശരീരത്തിൽ ചെറിയ മുറിവുണ്ട്. കാട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പറ്റിയതാകാം ഇതെന്നാണ് വനം വകുപ്പ് വിശദമാക്കുന്നത്. തൃശ്ശൂരിൽ നിന്ന് വെറ്റിനറി ഡോക്ടർ ഡേവിഡ് എബ്രഹാം സ്ഥലത്തെത്തി കുട്ടിയാനയെ പരിശോധിക്കും.

Related Articles

Latest Articles