കോട്ടയം: രാജ്യദ്രോഹ ശക്തികൾക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാരതത്തെ നശിപ്പിക്കാൻ രാജ്യദ്രോഹ നടപടികളുമായി ആര് ഇറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ ഞാൻ തുടങ്ങിവെച്ചിട്ടുള്ള നടപടികളുമായി തന്റേടത്തോടെ മുന്നോട്ടുപോകും. ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല’, പി.സി ജോർജ് പറഞ്ഞു.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ടാണ് പി.സി. ജോർജിനെതിരേ കേസെടുത്തത്. പിന്നീട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി.സിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.

