Thursday, May 16, 2024
spot_img

തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ! കൊമ്പൻ തിരുനെല്ലി സര്‍വാണിയിലും എത്തിയെന്ന് സൂചന; ആനയെ ട്രാക്കു ചെയ്ത് കാട്ടിലേക്ക് തുരത്തുന്നതിൽ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കും

കൽപ്പറ്റ: മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ ആന എത്തിയപ്പോൾ കൊണ്ടതാകാം എന്നാണ് നിഗമനം. തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ കേരള-കർണാടക വനം വകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു. എന്നാൽ 4 മുതൽ 5 മണിക്കൂറിനിടെയാണ് ആനയുടെ ലൊക്കേഷൻ സിഗ്നൽ കിട്ടിയിരുന്നത്. ഇതിനിടയിൽ തണ്ണീർ കൊമ്പൻ ഒരുപാട് ദൂരം യാത്ര ചെയ്തിരുന്നു. ആനയെ ട്രാക്കു ചെയ്യുന്നതിന് തടസ്സമായി എന്നാണ് വിലയിരുത്തൽ.

അതേസമയം, ആന തിരുനെല്ലി സർവാണിയിൽ എത്തിയിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്. ആനയെ ട്രാക്കു ചെയ്തു കാട്ടിലേക്ക് തുരത്തുന്നതിൽ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. വനംവകുപ്പ് തണ്ണീർക്കൊമ്പൻ ദൗത്യം വിശകലനം ചെയ്യാൻ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.

വയനാട് മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ തണ്ണീർക്കൊമ്പൻ കഴിഞ്ഞ ദിവസം രാവിലെയാണ് ചരിഞ്ഞത്. ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു ആന ചരിഞ്ഞതെന്ന് കർണാടക പ്രിൻസിപ്പിൽ ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ചെറിയ ഇടവേളയിൽ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയാണ് തണ്ണീർക്കൊമ്പൻ.

Related Articles

Latest Articles