Monday, September 21, 2026

ജനങ്ങളാണ് ദൈവം!! ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവും എന്ന് വ്യക്തമാക്കി. സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

“ഇന്ത്യ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ വില ഗണ്യമായി കുറയും. വിവിധതരം നികുതികൾ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അത് ലളിതമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. “ഒറ്റ രാജ്യം, ഒറ്റ നികുതി” എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ പരിഷ്കാരം സഹായിക്കും. പുതിയ മാറ്റങ്ങളോടെ 99 ശതമാനം ഉൽപ്പന്നങ്ങളും 5% നികുതി സ്ലാബിലേക്ക് എത്തും, നാളെ മുതൽ 5% , 18% എന്നീ രണ്ട് നികുതി സ്ലാബുകൾ മാത്രമാകും പ്രാബല്യത്തിലുണ്ടാവുക . ഈ തീരുമാനങ്ങൾ എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്ത ശേഷമാണ് എടുത്തത്.

നികുതി പരിഷ്കാരം ‘ആത്മനിർഭർ ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ്. ‘നാഗരിക് ദേവോ ഭവ’ (ജനങ്ങളാണ് ദൈവം) എന്ന തത്വമാണ് സർക്കാരിന്റെ നയം. രാജ്യത്തിന് ആവശ്യമുള്ളത് രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കാൻ കഴിയണം. ജിഎസ്ടി പരിഷ്കാരങ്ങൾ, ഐടി നികുതി ഇളവ് പരിധി ഉയർത്തിയത് എന്നിവയിലൂടെ ജനങ്ങൾക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ സാധിക്കും. സ്വാതന്ത്ര്യ സമരത്തിൽ ‘സ്വദേശി’ മന്ത്രം ശക്തി നൽകിയതുപോലെ, സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപഭോഗം രാജ്യത്തിന്റെ പുരോഗതിക്ക് ശക്തി പകരും.”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Articles

Latest Articles