എറണാകുളം: എറണാകുളത്ത് പാര്‍സല്‍ സര്‍വ്വീസ് മുഖേന വിദേശത്തു നിന്ന് ലഹരിമരുന്ന് എത്തിച്ച കേസില്‍ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ആദിത്യ, കോഴിക്കോട് സ്വദേശി ഫസലു എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം ഇവരുടെ മേല്‍വിലാസത്തില്‍ ദോഹ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി മരുന്നുകളെത്തിയത്. നേരത്തെ വിദേശത്തു നിന്ന് ലഹരി മരുന്നുകള്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് എറണാകുളം എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി ഫസലു, തിരുവനന്തപുരം സ്വദേശി ആദിത്യ, എന്നിവരുടെ മേല്‍വിലാസങ്ങളില്‍ ലഹരിമരുന്നുകളെത്തിയതായി കണ്ടെത്തിയത്.
31 എല്‍എസ്ഡി സ്റ്റാമ്പുകളായിരുന്നു രണ്ടു പാര്‍സലുകളിലായി ഉണ്ടായിരുന്നത്. ഇതിൽ 5 എല്‍എസ്ഡി ആദിത്യയുടെ മേല്‍വിലാസത്തിലായിരുന്നു എത്തിയത്. ഇതോടെ ഇവരുടെ വീടുകളിലെത്തിയും എക്‌സൈസ് പരിശോധന നടത്തി.
പരിശോധനയില്‍ കോഴിക്കോട് സ്വദേശി ഫസലുവിന്റെ വീട്ടില്‍ നിന്നും എല്‍എസ്ഡി ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എക്‌സൈസ് പിടികൂടി. ഫസലു മുന്‍പു സമാന കേസുകളില്‍ പ്രതിയാണെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പി വി ഏലിയാസ് അറിയിച്ചു. മാത്രമല്ല ദോഹ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിമരുന്നുകള്‍ എത്തിയതെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.

