Sunday, May 19, 2024
spot_img

സംസ്ഥാനത്ത് വേനൽ മഴ കനക്കും; 2 ജില്ലകളിൽ ജാഗ്രതാ നിർദേശം

കൊല്ലം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഇതോടെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നേരത്തെ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചത് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇതേതുടർന്ന് അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.

അതേസമയം ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നിട്ടുണ്ട്. ആന്‍ഡമാൻ തീരത്തിനു സമീപത്തു വച്ചു ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതിനാൽ മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാത്രമല്ല തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെയാണ് ആശ്വാസമായി മഴ ലഭിക്കുമെന്ന പ്രവചനം. മഴ കിട്ടിതുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കൊടും ചൂട് രേഖപ്പെടുത്തിയ പുനലൂരിടക്കം ഉയർന്ന താപനില സാധാരണ നിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില പാലക്കാടാണ്. 37.2 ഡിഗ്രി സെൽഷ്യസ്.

Related Articles

Latest Articles