കൊൽക്കത്ത : ഭാരതത്തിലെ ജനങ്ങൾ 365 ദിവസവും അമ്മയെ ആരാധിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ മാതൃദിനം വളരെ നന്നായി ആഘോഷിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാതൃദിനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ വച്ച് നടന്ന പൊതുറാലിക്കിടെ രണ്ട് യുവാക്കൾ നൽകിയ അമ്മ ഹീരാബെൻ പട്ടേലിന്റെ ഒപ്പമുള്ള മോദിയുടെ ഛായാചിത്രവും പ്രധാനമന്ത്രി ഏറ്റുവാങ്ങി.
രണ്ട് യുവാക്കളിൽ നിന്ന് എന്റെ അമ്മ ഹീരാബെന്നിന്റെ ഛായാചിത്രം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. പാശ്ചാത്യജനത ഈ ദിനം മാതൃദിനമായി കൊണ്ടാടുമ്പോൾ ഭാരതത്തിൽ ഞങ്ങൾ എല്ലാ ദിവസവും അമ്മയെയും മാ ദുർഗയേയും, മാ കാളിയെയും ഭാരതമാതാവിനെയും ആരാധിക്കുന്നു. എല്ലാ അമ്മമാരും സന്തോഷത്തോടെയായിരിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഹൂഗ്ലിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് രണ്ട് യുവാക്കൾ ഛായാചിത്രം ഉയർത്തി പിടിച്ച് നിൽക്കുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥരോട് ചിത്രങ്ങൾ വേദിയിലേക്ക് കൊണ്ടുവരാൻ നരേന്ദ്രമോദി ആവശ്യപ്പെടുകയായിരുന്നു. തറയിൽ ഇരുന്നുകൊണ്ട് അമ്മ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് യുവാക്കളിലൊരാൾ സമ്മാനിച്ചത്. പ്രധാനമന്ത്രിയുടെ തോളിൽ കൈ തട്ടുന്ന അമ്മയെയാണ് രണ്ടാമത്തെ ചിത്രത്തിൽ കാണാൻ സാധിക്കുക. വളരെ വൈകാരികമായ ചിത്രങ്ങൾ സമ്മാനിച്ച യുവാക്കൾക്ക് പ്രധാനമന്ത്രി നന്ദിയും അറിയിച്ചിരുന്നു.

