എറണാകുളം: മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് തസ്തികയിലേക്ക് അനിയന്ത്രിതമായി നിയമനം നടത്തുന്നതിനും അവർക്ക് പെൻഷൻ നല്കുന്നതിനുമെതിരെ ഹൈക്കോടതിയിൽ ഹർജ്ജി. പാലക്കാട് സ്വദേശിയാണ് ഹർജ്ജി നൽകിയത്. ഹർജ്ജി കോടതി ഇന്ന് വാദം കേൾക്കും. മന്ത്രിമാർ യാതൊരു നിയന്ത്രണവുമില്ലാതെ പേർസണൽ സ്റ്റാഫിനെ നിയന്ത്രിക്കുന്നത് തടയണം,സർക്കാർ ജീവനക്കാർ പത്തും ഇരുപതും വർഷം ജോലി ചെയ്ത് പെന്ഷന് അർഹത നേടുമ്പോൾ പേർസണൽ സ്റ്റാഫുകൾക്ക് രണ്ടു വർഷം കൊണ്ട് പെന്ഷന് അർഹത നേടുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് ഹർജ്ജിയിൽ.
പേർസണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്ന രീതി ദുർവ്യയമാണെന്നും ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത ഈ രീതി നിർത്തലാക്കണമെന്ന് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും നേരത്തെ വിമർശിച്ചിരുന്നു. പിണറായി സർക്കാർ പാർട്ടിക്കാരെ പേർസണൽ സ്റ്റാഫുകളായി തിരുകിക്കയറ്റുന്നതും രണ്ടു വർഷം കൂടുമ്പോൾ ഇവരെ മാറ്റി പുതിയ ആൾക്കാരെ നിയമിക്കുന്നതും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈയവസരത്തിൽ പ്രശ്നം കോടതിയിലെത്തുമ്പോൾ കോടതിയുടെ നിരീക്ഷണങ്ങൾക്കായി കാതോർക്കുകയാണ് കേരളം.

