Sunday, May 19, 2024
spot_img

‘മനസും ശരീരവും ദേവീ സമക്ഷത്തില്‍ അര്‍പ്പിച്ച് ഭക്തർ”; ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്‌

മാവേലിക്കര: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്(Chettikulangara Kumbha Bharani 2022). പുലര്‍ച്ചെ അഞ്ചു മുതല്‍ കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തിലേക്ക്‌ എത്തികൊണ്ടിരിക്കുകയാണ്. എട്ടു കുത്തിയോട്ടങ്ങളാണ്‌ ഇത്തവണയുള്ളത്‌. ഉച്ചയോടെ കുത്തിയോട്ട ഘോഷയാത്രകള്‍ പൂര്‍ണമായി ക്ഷേത്രത്തില്‍ എത്തിച്ചേരും.

ഓണാട്ടുകരയുടെ മഹോത്സവത്തിന് നാട് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ആത്മ സമര്‍പ്പണത്തിന്റെ നിറവിലും സംഘബോധത്തിന്റെ കരുത്തിലും അംബര ചുമ്പികളായ കെട്ടുകാഴ്ചകൾ ഒരുക്കി ദേവിയുടെ തിരുനടയില്‍ എത്തിക്കുബോള്‍ ഒരു വര്‍ഷം മുഴുവനും കാത്തിരുന്ന നിമിഷങ്ങളുടെ പിറവിയുടെ നിര്‍വൃതിയാകും ഒരോ ഓണാട്ടുകരക്കാരന്റെയുള്ളിലും. ഇന്ന് വൈകിട്ട്‌ നാലിന്‌ കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തിലേക്ക്‌ എത്തിത്തുടങ്ങും.

മുറപ്രകാരം 13 കരകളിലെ കെട്ടുകാഴ്‌ചകള്‍ ദേവീദര്‍ശനം നടത്തി കാഴ്‌ചക്കണ്ടത്തിലേക്ക്‌ ഇറങ്ങും. ഭക്‌തജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ ദര്‍ശനം നടത്താനും കുത്തിയോട്ട ഘോഷയാത്രകള്‍ക്ക്‌ സുഗമമായി കടന്നുപോകാനുമായി ഫ്‌ളൈ ഓവര്‍ സംവിധാനം ഇവിടെ പോലീസ് ഒരുക്കിയിട്ടുണ്ട്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, അഞ്ഞിലിപ്രാ, മറ്റം തെക്ക്, മറ്റം വടക്ക് മേനാമ്പളളി, നടയ്ക്കാവ് കരകളിലാണ് കെട്ടുകാഴ്ച നിർമ്മിച്ചിരിക്കുന്നത്. ചരിത്രവും ഐതിഹ്യവും സമ്മേളിക്കുന്നതാണ് ഇവയുടെ നിര്‍മാണം. കൊല്ലം ഭരിച്ചിരുന്ന ഉമയമ്മ റാണിയുടെ ചരിത്രത്തോടു ചേര്‍ത്ത് ഐതിഹ്യവുമായി ഇടകലര്‍ത്തിയാണ് കെട്ടുകാഴ്ച നിര്‍മാണത്തെക്കുറിച്ച് പറയുന്നത്.

എന്നാല്‍ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ പാരമ്പര്യവുമായി ചേര്‍ത്ത് കെട്ടുകാഴ്ചകളെ കാണേണ്ടതുണ്ട്. ബൗദ്ധ പാരമ്പര്യവുമായി ചേര്‍ത്തും കെട്ടുകാഴ്ചയെ കുറിച്ച് പറയുന്നുണ്ട്. കെട്ടുകാഴ്ചയിലെ തേര് ബൗദ്ധ ചരിത്രങ്ങള്‍ക്ക് തുല്യമാണൊണ് ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.92 അടി വരെ പൊക്കമുളളതാണ് ഇവിടുത്തെ കെട്ടുകാഴ്ചകൾ. പൂര്‍ണമായും തടിയിലാണ് നിര്‍മാണം. കെട്ടാൻ കയറും അലങ്കാരങ്ങള്‍ക്കായി തുണികളും ഉപയോഗിക്കുന്നു. നിര്‍മാണത്തില്‍ ഇന്നും പരമ്പരാഗത രീതിയാണ് പിന്‍തുടരുന്നത്. അമ്പരചുമ്പികളായ ഭീമൻ കുതിരകളാണ് കെട്ടുകാഴ്ചയിലെ ശ്രദ്ധാകേന്ദ്രം. അലങ്കരിച്ച ഭീമൻ രഥങ്ങളും പാഞ്ചാലി, ഹനുമാൻ ഇതിഹാസ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി അണിനിരക്കും. ദിവസങ്ങൾ എടുത്താണ് ഇവ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇവ അണിയിച്ചൊരുക്കുന്ന അതാത് കരകളുടെ കേന്ദ്രങ്ങളിൽ കഞ്ഞി സദ്യയും ഉണ്ടാവും. ഇത് ‘കുതിരമൂട്ടിൽ കഞ്ഞി’ എന്ന് അറിയപ്പെടുന്നു. ചെട്ടികുളങ്ങര അമ്മയുടെ ആഗമനത്തോടെപ്പമുള്ള ചരിത്രമാണ് കുതിരമൂട്ടിൽ കഞ്ഞി വഴിപാടിനുള്ളത്. ദേവിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വഴിപാടാണ് ഇത്. കരനാഥന്മാര്‍ കൊടുങ്ങല്ലൂരില്‍ പോയി മടങ്ങി വന്ന ശേഷം ഏറെ നാളുകള്‍ കഴിഞ്ഞ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇല്ലത്ത് പുര മേച്ചില്‍ നടക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനായി കഞ്ഞി വിളമ്പുന്ന സമയത്ത് തേജസ്വിയായ ഒരു വൃദ്ധ ഇവിടെയെത്തി. തടയില്‍ ഇല വെച്ച് അതില്‍ കഞ്ഞിയും കറികളും ഈ വൃദ്ധയും ഭക്ഷിച്ചു. എല്ലാവര്‍ക്കുമൊപ്പം നിലത്തിരുന്ന് ആണ് വൃദ്ധ കഞ്ഞി കുടിച്ചത്.കഞ്ഞി കുടിച്ച ശേഷം കുളത്തിലിറങ്ങി കൈ കഴുകിയ ശേഷം വൃദ്ധ അപ്രത്യക്ഷയായി.

ഈ രംഗം കണ്ട ഇല്ലത്തെ അന്തര്‍ജനം മയങ്ങി വീണു. ഈ സംഭവം നാട്ടിൽ പാട്ടായതോടെ ഭഗവതി സാന്നിധ്യംതിരിച്ചറിഞ്ഞ് ദേവപ്രശ്‌നം നടത്തിയതോടെയാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. ഇതിനെത്തുടർന്നാണ് ചെട്ടികുളര അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കഞ്ഞി വഴിപാടിന് തുടക്കമായത്. എല്ലാവരും ഒന്നിച്ച് നിലത്തിരുന്നു ആണ് തടയില്‍ ഇലടയിട്ട് കഞ്ഞി കുടിക്കുന്നത്. ഓണാട്ടുകരയുടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന വഴിപാടാണിത്. അമ്മയ്ക്കായി കെട്ടുകാഴ്ച നിര്‍മ്മിക്കുന്ന സ്ഥലത്താണ് സാധാരണയായി വഴിപാട് ഭക്തര്‍ സമര്‍പ്പിക്കുന്നത്.

Related Articles

Latest Articles