ദില്ലി: യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ (phonepe) മൊബൈൽ റീചാർജിന് നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കി തുടങ്ങിയതായി റിപ്പോർട്ട്. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. യുപിഐ ഇടപാടുകൾക്ക് ഫീസീടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺ പേ. വൈകാതെ മറ്റുള്ളവരും ഇതേ പാത പിന്തുടരാനാണ് സാധ്യത.
അതേസമയം 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല. 50 നും 100 നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് നേരത്തെ തന്നെ നിശ്ചിത തുക ഈടാക്കി വരുന്നുണ്ട്. എന്നാല്‍ യുപിഐ ഇടപാടുകള്‍ സൗജന്യമായാണ് നടത്തിയിരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ യുപിഐ പണമിടപാടുകള്‍ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോണ്‍ പേ. സെപ്റ്റംബറില്‍ മാത്രം 165 കോടി യുപിഐ ഇടപാടുകള്‍ ഫോണ്‍ പേ വഴി നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

