Wednesday, January 7, 2026

എന്താ ഇവിടുത്തെ വക്കീലന്മാർക്കു ലുക്ക് പോരെ മുഖ്യാ…?

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ശമ്പളം നല്‍കുന്ന അഭിഭാഷകരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ തീരെ വിശ്വാസം പോര. അതിനാല്‍ തന്നെ സംസ്ഥാനത്തിന്‍റെ കേസുകള്‍ വാദിക്കാന്‍ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്ന് അഭിഭാഷക പടയെ കൊണ്ടുവരികയാണ് പിണറായി സര്‍ക്കാര്‍.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ശമ്പളം നല്‍കുന്ന അഭിഭാഷകരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ തീരെ വിശ്വാസം പോര. അതിനാല്‍ തന്നെ സംസ്ഥാനത്തിന്‍റെ കേസുകള്‍ വാദിക്കാന്‍ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്ന് അഭിഭാഷക പടയെ കൊണ്ടുവരികയാണ് പിണറായി സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ അടക്കം കേസുകള്‍ വാദിക്കാന്‍ ഇപ്പോള്‍ സ്ഥിരമായി എത്തുന്നത് ഡല്‍ഹിയില്‍ നിന്നുള്ള പ്രശസ്ത അഭിഭാഷകരുടെ നീണ്ട നിരയാണ്.
ഇതിന് മുന്പ് സുപ്രധാന കേസുകളില്‍ ആയിരുന്നു ഇത്തരം അഭിഭാഷകരെ എത്തിച്ചിരുന്നതെങ്കില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇത് നിത്യസംഭവമായിരിക്കുകയാണ്.

കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം നല്‍കുന്ന 140 അഭിഭാഷകര്‍ സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ ഉണ്ട്. എന്നിരിക്കെയാണ് ഈ പരസ്യ ധൂര്‍ത്ത്. അഡ്വക്കേറ്റ് ജനറല്‍ , അഡീഷണല്‍ എ.ജി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ , രണ്ട് എ.ഡി.ജി.പിമാര്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരടക്കം 140 പേരാണ് സര്‍ക്കാര്‍ കേസുകള്‍ വാദിക്കാനായി ഹൈക്കോടതിയിലുള്ളത്. എന്നിട്ടും ഹൈക്കോടതിയില്‍ കേസുകള്‍ വാദിക്കാന്‍ എത്തുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാണ്.

ശരാശരി 65,000 രൂപ ശന്പളം വാങ്ങിക്കുന്ന 56 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ ,ശരാശരി 75,000 രൂപ ശന്പളം വാങ്ങിക്കുന്ന 56 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, ശരാശരി 85,000 രൂപ ശന്പളം വാങ്ങിക്കുന്ന 22 സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിങ്ങനെയാണു സര്‍ക്കാരിന്‍റെ കീഴിലുള്ള അഭിഭാഷക പട്ടികയിലുള്ളത്. എല്ലാവര്‍ക്കുമായി ശരാശരി ഓരോ മാസവും നല്‍കുന്നത് ഒന്നേകാല്‍ കോടിയില്‍പ്പരം രൂപയാണ്. ഔദ്യോഗിക വാഹനമടക്കം ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് നല്‍കുന്നുമുണ്ട്.

ഇതിനിടെയാണു കഴിഞ്ഞമാസം പുതിയ നിയമനവുമായി പിണറായി സര്‍ക്കാര്‍ രംഗത്തു വന്നത്. പിണറായി വിജയന്റെ വിശ്വസ്തനായ അഡ്വ. എ. വേലപ്പന്‍ നായരെ സ്പെഷല്‍ ലെയ്സണ്‍ ഓഫീസറായി നിയമിച്ചത് ഒരു ലക്ഷത്തിലേറെ രൂപയാണു മാസശമ്പളത്തിലായിരുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകളുടെ മേല്‍നോട്ടത്തിനാണു പുതിയ തസ്തികയില്‍ നിയമനമെന്നായിരുന്നു വിശദീകരണം. സി.പി.എം. പ്രതിക്കൂട്ടിലുള്ള എടയന്നൂര്‍ ഷുഹൈബ് കൊലക്കേസ് സി.ബി.ഐ. അന്വേഷിക്കുന്നതു തടയാനായി മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള മുതിര്‍ന്ന അഭിഭാഷകരെയാണ് സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചത്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ശരണും വിജയ് ഹന്‍സാരിയയുമാണ് ഈ കേസ് വാദിക്കാനെത്തിയത്.

ഷുഹൈബ് കേസില്‍ മാത്രം സുപ്രീം കോടതി അഭിഭാഷകര്‍ക്കായി 56.40 ലക്ഷം രൂപ ഖജനാവില്‍നിന്നു ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22-ന് അട്ടപ്പാടിയില്‍ ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പണമില്ല എന്ന കാരണത്താല്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തിടത്താണു പിണറായി സര്‍ക്കാരിന്റെ ഇത്തരം ധൂര്‍ത്ത്.സര്‍ക്കാര്‍ അഭിഭാഷകരെ ഈ സര്‍ക്കാരിന് തീരെ വിശ്വാസംപോരെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

സോളാര്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായതു മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറായിരുന്നു. ഒരു സിറ്റിങ്ങിന് 20 ലക്ഷം രൂപയാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിന് നല്‍കിയത്. ബാര്‍ കേസിനായി സുപ്രീം കോടതി അഭിഭാഷകരെ നിയോഗിച്ച വകയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ചെലവിട്ടത് 2.68 കോടി രൂപയായിരുന്നു. രണ്ടു ദിവസമെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനു നല്‍കിയത് 60 ലക്ഷം. ഇപ്പോള്‍ രാത്രിയാത്രാ നിരോധനക്കേസും കപില്‍ സിബലിനെ തന്നെയാണ് ഏല്‍പിച്ചിരിക്കുന്നത്.

മരട് ഫ്ളാറ്റ് കേസില്‍ സര്‍ക്കാരിനായി ഹാജരാകുന്നതു മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേയാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന നിരവധി അഭിഭാഷകരെ വിശ്വാസമില്ലാത്തതിനാലാണോ മിക്ക കേസുകള്‍ക്കും ഡല്‍ഹിയില്‍ നിന്നു മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നത് എന്നാണു നിയമവൃത്തങ്ങള്‍ തന്നെ ചോദിക്കുന്ന സംശയം. സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ കാണുമ്പോൾ ഈ സംശയം അക്ഷരം പ്രതി ശരിയെന്ന് തെളിയുകയാണ്.

Related Articles

Latest Articles