Friday, March 29, 2024
spot_img

അടിയന്തിരമായി ദില്ലിയ്ക്ക് പോകാനൊരുങ്ങി പിണറായി വിജയൻ; പിന്നിലെ ലക്ഷ്യം ഇതോ?

ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കത്തിനു വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ് . ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷൻ അതായത് ഡി.ജി.സി.എയ്ക്ക് പിന്നാലെ എയര്‍പോര്‍ട്ട്‌ അതോറിറ്റിയും തടസവാദം ഉന്നയിച്ചു രംഗത്ത്‌ വന്നിരിക്കുകയാണ്. ഏതൊരു വിമാനത്താവളത്തിനും അനുമതി നല്‍കുന്നതിന്‌ മുന്നോടിയായുള്ള സംശയദൂരീകരണം മാത്രമാണു കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്നാണു സര്‍ക്കാര്‍ വാദം.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട്‌ ചുക്കാന്‍പിടിക്കുന്ന സ്വപ്‌നപദ്ധതിയായ ശബരി വിമാനത്താവളത്തിന്‌ രണ്ടു കേന്ദ്ര ഏജന്‍സികള്‍ തടസം ഉന്നയിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. വിമാനത്താവളത്തിന്റെ സാധ്യതാപഠന റിപ്പോര്‍ട്ട്‌ പോലും വിശ്വാസ്യയോഗ്യമല്ലെന്നാണു ഡി.ജി.സി.എ. വിലയിരുത്തിയത്‌.

കഴിഞ്ഞ ജൂണിലാണു സംസ്‌ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ കേന്ദ്രത്തിന്‌ അപേക്ഷ നല്‍കിയത്‌. വ്യോമസേന നടത്തിയ പരിശോധനയില്‍ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചതു മാത്രമാണ്‌ അനുകൂല ഘടകം. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുമായി നിശ്‌ചിത അകലമില്ലാത്തതിനാല്‍ എയര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ പരസ്‌പരം കൂടിക്കലരാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഡി.ജി.സി.എയുടെ കണ്ടെത്തല്‍. ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റേണ്ടവരുമെന്നും വന്യജീവി സുരക്ഷയെ ബാധിക്കുമെന്നും കണ്ടെത്തലുണ്ട്‌.

നിര്‍മാണത്തിന്‌ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ ഇനിയും ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. വ്യോമയാന മന്ത്രാലയത്തിന്റെ ഹിയറിങ്ങിന്‌ ശേഷം പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധന നടത്തേണ്ടതുണ്ട്‌. വ്യോമസേനയുടെ സാക്ഷ്യപത്രം പ്രാഥമികം മാത്രമാണ്‌. വിശ്വാസ്യയോഗ്യമല്ലാത്ത സാധ്യതാ പഠന റിപ്പോര്‍ട്ടാണെന്ന്‌ ഡി.ജി.സി.എ. വിലയിരുത്തിയ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുക എളുപ്പമല്ല.

ഇപ്പോഴിതാ സ്വപ്‌നപദ്ധതിയുടെ ചിറക്‌ ദുര്‍ബലമായതോടെ മുഖ്യമന്ത്രി നേരിട്ട്‌ ഡല്‍ഹിയിലെത്തി കേന്ദ്രവുമായി ചര്‍ച്ച നടത്തിയേക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത് . ഭൂമി സംബന്ധമായ നിയമ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ബിലീവേഴ്‌സ്‌ ചര്‍ച്ചുമായി ചര്‍ച്ച നടത്തി സ്‌ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണു കേന്ദ്രത്തിന്റെ ചുവപ്പുകൊടി. എന്നാല്‍ ശബരിമല വിമാനത്താവളത്തിന്‌ പ്രതിസന്ധിയില്ലെന്ന്‌ സ്‌പെഷല്‍ ഓഫീസര്‍ വി.തുളസീദാസ്‌ പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന്റെ തുടർപ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടെ നിർദ്ദേശത്തെ എതിർത്ത് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതോടെ ജില്ലയുടെ വികസന സ്വപ്നത്തിന് മേൽ കരിനിഴൽ വീഴുകയും ചെയ്തു. തടസങ്ങൾ നീക്കി തുടർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

ശബരിമല വിമാനത്താവള പദ്ധതിയെ അനുകൂലിച്ച് സംസ്ഥാനം ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് എന്ന പേരിൽ വിശദമായ റിപ്പോർട്ട് 2019 ലാണ് സമർപ്പിച്ചത്. ഭൂമിയേറ്റെടുക്കുന്നതിന് നോഡൽ ഏജൻസിയായി കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെ.എസ്.ഐ.ഡി.സി) നിയമിച്ചിരുന്നു. ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. തടസങ്ങൾ നീക്കാനുള്ള സർക്കാർ ശ്രമത്തിനിടെയാണ് ഡി.ജി.സി.എയുടെ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചത്. വിമാനത്താവളം വരുമെന്ന പ്രതീക്ഷയിൽ എരുമേലിയിലും പരിസരത്തുമായി വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയവരുമുണ്ട്.

പ്രധാനമന്ത്രിയെ ഇടപെടുത്തി, കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) എതിർപ്പ് നീക്കിയെടുത്ത് ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ജൂലായിൽ ഡൽഹിയിൽ കണ്ടപ്പോൾ ശബരിമല വിമാനത്താവളമടക്കം സ്വപ്‌നപദ്ധതികൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചു കോടി തീർത്ഥാടകരും മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 20 ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങളും ഗുണഭോക്താക്കളായ വിമാനത്താവളത്തിന്റെ ആവശ്യത്തെക്കുറിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയെ ധരിപ്പിക്കും.

കെ.എസ്.ഐ.ഡി.സിയും അമേരിക്കൻ കൺസൾട്ടൻസി കമ്പനിയും തയ്യാറാക്കിയ സാദ്ധ്യതാപഠന റിപ്പോർട്ടിൽ ഒപ്പുവയ്ക്കാതെ കേന്ദ്രത്തിന് സമർപ്പിച്ചതടക്കം ഗുരുതരപിശകുകളുണ്ടായത് എങ്ങനെയെന്ന് മുഖ്യമന്ത്രി യോഗംവിളിച്ച് വിലയിരുത്തുമെന്നും അട്ടിമറിനീക്കമോ ഗൗരവക്കുറവോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുംമെന്നും റിപ്പോർട്ടുകളുണ്ട്

കരിപ്പൂർ, മംഗലാപുരം വിമാനത്താവളങ്ങളെ ചൂണ്ടിക്കാട്ടി കണ്ണൂർ വിമാനത്താവളത്തിന് അഞ്ചുവർഷത്തിലേറെ അനുമതി നിഷേധിച്ചിരുന്നു. 150കിലോമീറ്റർ പരിധിയിൽ പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി നൽകാറില്ലെങ്കിലും ദില്ലിയിൽ നിന്ന് അറുപതു കിലോമീറ്റർ അകലെ ഗ്രേറ്റർ നോയ്ഡയിലും മുംബയ്ക്കടുത്ത് നവിമുംബയിലും പുതിയ വിമാനത്താവളങ്ങൾ വരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി, ദൂരപരിധി മാത്രമല്ല പരിഗണിക്കേണ്ടതെന്ന് സർക്കാർ മറുപടിനൽകും. തിരുവനന്തപുരത്തുനിന്ന് 110കി.മീറ്ററും കൊച്ചിയിൽ നിന്ന് 88കി.മീറ്ററും അടുത്താണ് ശബരിമല വിമാനത്താവളം.

2025ഓടെ 100പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാനാണ് കേന്ദ്രപദ്ധതിയെങ്കിലും പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി നൽകാതിരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ശ്രമമുണ്ടാകുമെന്നാണ് സർക്കാ‌ർ വിലയിരുത്തുന്നത്. അതിനാൽ ഡി.ജി.സി.എയുടെ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകും. ഇതിനായി കൺസൾട്ടന്റിന് സർക്കാർ നിർദ്ദേശം നൽകി. പഠനം നടത്തിയ രണ്ട് ഏജൻസികളും ഒപ്പുവച്ച റിപ്പോർട്ട് ഉടൻ കേന്ദ്രത്തിലേക്ക് അയയ്ക്കും. റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയതിനാൽ, ഏജൻസികളുടെ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ടെന്ന ഭാഗം നീക്കും. പ്രതിരോധമന്ത്രാലയത്തിന്റെ ഭാഗിക ക്ലിയറൻസ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.

ഡി.ജി.സി.എയുടെ ക്ലിയറൻസ് ലഭിച്ചാൽ വ്യോമയാന മന്ത്രാലയത്തിലെ സ്ക്രീനിംഗ് കമ്മിറ്റി റിപ്പോ‌ട്ട് പരിശോധിക്കണം
പ്രതിരോധമന്ത്രാലയത്തിന്റെ സമ്പൂർണ അനുമതി ലഭിച്ചാൽ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കും.
സ്ഥലമെടുപ്പ്, മാസ്റ്റർപ്ലാൻ, വിശദമായ പദ്ധതിറിപ്പോർട്ട്, പരിസ്ഥിതി ആഘാതപഠനം തുടങ്ങി നടപടികളേറെയുണ്ട്.
സർക്കാർ വാദങ്ങൾ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും പ്രധാന തീർത്ഥാടനകേന്ദ്രമായ ശബരിമലയുടെ സാമീപ്യം
ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മദ്ധ്യകേരളത്തിലെ പ്രവാസി കുടുംബങ്ങൾ
കോട്ടയം, പത്തനംതിട്ട ജില്ലകളുടെ വികസനത്തിന് അത്യാവശ്യം.
തേക്കടി, മൂന്നാർ, ഗവി കേന്ദ്രീകരിച്ച് വനമേഖലാ ടൂറിസം വികസിക്കും
റബർ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിക്കും
തീർത്ഥാടന ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്താനാവും എന്നൊക്കയുള്ള വാദങ്ങളും സർക്കാർ ഉയർത്തുന്നുണ്ട്

Related Articles

Latest Articles