Thursday, October 8, 2026

പിണറായിയുടെ ധാർഷ്ട്യം തിരിച്ചടിയായി!!തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറാകാതിരുന്നത് വീഴ്ചയായി !സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും രൂക്ഷവിമർശനം!

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ കടുത്ത അമർഷവും ആഭ്യന്തര കലഹവും പുകയുന്നു. പത്തനംതിട്ടയ്ക്കും പാലക്കാടിനും പിന്നാലെ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലും പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കിയുള്ള രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും പ്രയോഗ ശൈലികളും പൊതുസമൂഹത്തിൽ പാർട്ടിക്കും സർക്കാരിനും വലിയ അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കൾ തുറന്നടിച്ചു. ശനിയാഴ്ച ആരംഭിച്ച അടിയന്തര ജില്ലാ കമ്മിറ്റി യോഗം ഞായറാഴ്ചയും തുടരുകയാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി അണികളെയും ജനങ്ങളെയും അകറ്റിയ നേതൃത്വത്തിന്റെ ശൈലികൾക്കെതിരെ അംഗങ്ങൾ വാളെടുത്തത്.

വളരെ നിസ്സാരമായ കാര്യങ്ങളോട് പോലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ തികഞ്ഞ ധാർഷ്ട്യത്തോടെയാണ് പ്രതികരിച്ചതെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഇത്തരം തെറ്റായ പെരുമാറ്റ ശൈലികൾ തുടർച്ചയായി ആവർത്തിച്ചിട്ടും അത് തിരുത്താൻ പാർട്ടി സംസ്ഥാന നേതൃത്വം തയ്യാറാകാതിരുന്നത് വലിയ വീഴ്ചയായി. ഭരണത്തലവന്റെ ഭാഗത്തുനിന്നുണ്ടായ അനാവശ്യമായ വാശി യുവതലമുറയ്ക്കിടയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ പൂർണ്ണമായും തകർത്തു. ഇത് സർക്കാരിനും ഇടതുമുന്നണിക്കും വൻ തിരിച്ചടിയായി മാറിയെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.

ന്യൂനപക്ഷ-സ്ത്രീ വോട്ടർമാർ പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ അകന്നതിന്റെ കാരണങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വർഗ്ഗീയ പരാമർശങ്ങൾ നടത്തിയിട്ടും അതിനെ ശക്തമായി പ്രതിരോധിക്കാൻ മന്ത്രിമാരോ സി.പി.എം നേതൃത്വമോ തയ്യാറായില്ല. ഈ നിസ്സംഗത ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുകയും വോട്ടുകൾ ചോരുന്നതിന് കാരണമാവുകയും ചെയ്തു. കൂടാതെ, മുതിർന്ന നേതാവ് കെ.കെ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന ആക്ഷേപം സ്ത്രീ വോട്ടർമാർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രമുഖ ജില്ലാ കമ്മിറ്റികളെല്ലാം പിണറായി വിജയന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും ശൈലികൾക്കെതിരെ ഒരേസ്വരത്തിൽ രംഗത്തുവരുന്നത് വരും ദിവസങ്ങളിൽ സി.പി.എമ്മിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും.

Related Articles

Latest Articles