കാലടി സർവകലാശാലയിൽ സമർപ്പിച്ച പി എച്ച്ഡി പ്രബന്ധത്തിൽ കോപ്പിയടി നടന്നതായി ആരോപണം. കുച്ചിപ്പുടി നൃത്തത്തിലെ ചതുർവിധാഭിനയങ്ങൾ – ദക്ഷിണേന്ത്യൻ നാട്യ നാടകങ്ങളുമായി ഒരു താരതമ്യപഠനം”* എന്ന പി.എച്ച്.ഡി പ്രബന്ധത്തിലാണ് കോപ്പിയടി നടന്നതായി ആരോപണമുയർന്നത്.
കാലടി സംസ്കൃത സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ഡോ. ദിവ്യ നെടുങ്ങാടിയാണ് ആരോപണവുമായി ഇന്ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തി രംഗത്തു വന്നത്.
ആരോപണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ നൽകുന്നു.
പ്രബന്ധ പരിശോധനയിൽ ശ്രദ്ധയിൽപെട്ട അപാകതകൾ ഡോ. ദിവ്യ നെടുങ്ങാടി ഒരു റിപ്പോർട്ടായി അന്നത്തെ പ്രൊ വൈസ്-ചാൻസലർക്ക് സമർപ്പിച്ചിരുന്നു. ഏതാണ്ട് ഇതേ ശീർഷകത്തിൽ ഇതേ വിഷയം കൈകാര്യം ചെയ്യുന്ന “Comparitive Study Of Chathurvidha Abhinayas Between Kathakali And Kuchipudi Yakshagana – Comprehensive Analysis Of Four Kinds Of Expressions In Kathakali And Kuchipudi Dance Drama Traditions”* എന്ന രമാദേവിയുടെ പ്രബന്ധത്തിന്റെയും മറ്റു രണ്ടു പുസ്തകങ്ങളുടെയും തർജ്ജമയാണ് എന്നും ഗവേഷണത്തിൽ പൂർവ്വപഠനങ്ങൾ (Literature Review) ചേർത്തുകാണുന്നില്ല എന്നതും അഞ്ച് അധ്യായങ്ങളുള്ള പ്രബന്ധത്തിൽ കുച്ചിപ്പുടിയും ദക്ഷിണേന്ത്യൻ നാട്യനാടകങ്ങളുമായുള്ള “താരതമ്യപഠനം” എവിടെയും കാണുന്നില്ല എന്നതും ഗുരുതരമായ വീഴ്ചകളായി ഡോ ദിവ്യ നെടുങ്ങാടി തൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഗവേഷണ പ്രശ്നത്തെ ആഴത്തിൽ പഠിച്ച് അക്കാദമികമായ ചിട്ടയിൽ കാര്യകാരണങ്ങൾ നിരത്തി സമർത്ഥിച്ചു മുന്നോട്ട് പോകേണ്ട ഒന്നാണ് ഗവേഷണ പദ്ധതി. അത്തരമൊരു സമീപനം ഈ പ്രബന്ധത്തിൽ കാണാൻ കഴിയുന്നില്ല എന്നും ഇതിൽ ഗവേഷകയെക്കാൾ ഉപരിയായി മാർഗ്ഗദർശിക്കും (ഡോ. വേണുഗോപാലൻ നായർ) ഭരതനാട്യം ഡിപ്പാർട്ട്മെന്റിനും റിസർച്ച് അഡ്വൈസറി / ഡോക്ടറൽ കമ്മറ്റിക്കും ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ട് എന്നും ഡോ. ദിവ്യ നെടുങ്ങാടി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രബന്ധത്തിലെ അപാകതകൾ പരിഹരിച്ച് പ്രബന്ധം resubmit ചെയ്യാൻ ഗവേഷകയ്ക്ക് സർവകലാശാല നിർദ്ദേശം നൽകണം എന്നാണ് ഡോ. ദിവ്യ നെടുങ്ങാടി നിർദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ രജിസ്ട്രാർ ഇൻ ചാർജ് ആയിരുന്ന ഡോ. ഉണ്ണികൃഷ്ണൻ ഉത്തരവ് ഇറക്കിയിരുന്നു.
2016-ൽ അഡ്മിഷൻ എടുത്ത ഗവേഷകയ്ക്ക് 2015-ലെ സർവകലാശാല പി.എച്ച്.ഡി റെഗുലേഷൻ ആണ് ബാധകമാവുക. റെഗുലേഷന്റെ Clause 20(a) പ്രകാരം External Examiners നിർദ്ദേശിക്കുന്ന മാറ്റങ്ങൾ ഗവേഷകയെ അറിയിക്കേണ്ടതുണ്ട്.
കുറവുകൾ നികത്തി പ്രബന്ധം റീസബ്മിറ്റ് ചെയ്യാൻ ഗവേഷകയ്ക്ക് നിയമപരമായ ബാധ്യതയുണ്ട്. ഗവേഷക പ്രബന്ധത്തിൽ വരുത്തിയ മാറ്റങ്ങൾ വീണ്ടും അതാത് External Examiner-ക്ക് അയച്ചു കൊടുക്കേണ്ടതും ആയത് അവർ വീണ്ടും evaluate ചെയ്ത് എല്ലാം കൃത്യമാണ് എന്ന് വീണ്ടും റിപ്പോർട്ട് ചെയ്യുകയും വേണം.
എന്നാൽ ഈ നടപടിക്രമങ്ങൾ എല്ലാം കാറ്റിൽ പറത്തി 19.12.2024-ന് ഓപ്പൺ ഡിഫൻസ് നടത്താൻ നിശ്ചയിച്ചുകൊണ്ട് 05.12.2024-ന് ഇപ്പോഴത്തെ പ്രോ വൈസ് ചാൻസലർ പ്രൊഫ. ലിസി മാത്യൂസ് ഉത്തരവിട്ടു.
16-ന് പ്രൊഫ. ലിസി മാത്യൂസിനെ ബന്ധപ്പെട്ടപ്പോൾ റെഗുലേഷന്റെ Clause 20(b) പ്രകാരം പ്രബന്ധം നാലാമത് ഒരാൾക്ക് അയച്ചുകൊടുത്തു എന്നും അദ്ദേഹം കുഴപ്പമൊന്നും ഇല്ല എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു എന്നും അതുകൊണ്ട് ഓപ്പൺ ഡിഫൻസിലേക്ക് പോകുകയാണ് എന്നുമാണത്രെ ഡോ. ദിവ്യ നെടുങ്ങാടിയെ അറിയിച്ചത്.
അന്ന് തന്നെ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുകൊണ്ട് ഡോ. ദിവ്യ നെടുങ്ങാടി ഇ മെയിൽ വഴി വിസി, പ്രൊവിസി, രജിസ്ട്രാർ, ഡീൻ, ഡിപ്പാർട്ട്മെന്റ് ഹെഡ്ഡ് എന്നിവർക്ക് അയച്ചുവത്രെ എന്നാൽ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ആയിട്ടുകൂടി ഒരുവരി മറുപടി പോലും തനിക്ക് നൽകിയിട്ടില്ലെന്ന് ഡോ. നെടുങ്ങാടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
19-ന് രാവിലെ വിവരങ്ങളെല്ലാം കാണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന് മെയിൽ അയച്ചെങ്കിലും. പക്ഷേ വിഷയത്തിൽ ആരും ഇടപെട്ടില്ലെന്നും ഡോ ദിവ്യ നെടുങ്ങാടി പറഞ്ഞു..
19-ന് നടന്ന ഓപ്പൺ ഡിഫൻസിൽ External Examiners സമർപ്പിച്ച റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല എന്ന് ഓപ്പൺ ഡിഫൻസിൽ ഗവേഷക സമ്മതിച്ചു. ഓപ്പൺ ഡിഫൻസ് സമയത്ത് ആദ്യമേതന്നെ External Examiners സമർപ്പിച്ച റിപ്പോർട്ട് വായിച്ച് പ്രബന്ധത്തിൽ വരുത്തിയ മാറ്റങ്ങൾ ഗവേഷക കൃത്യമായി പറയേണ്ടതുണ്ട്. ഇതൊന്നും നടന്നില്ല. ഉയർന്നു വന്ന ചോദ്യങ്ങൾക്ക് ഒന്നും ഗവേഷകയ്ക്ക് കൃത്യമായ ഉത്തരം നല്കാൻ കഴിഞ്ഞില്ല.
പ്രൊഫ. മുരളി മാധവൻ, ഡോ.കലാമണ്ഡലം ലത, ഡോ. നിർമ്മല നാഗരാജൻ എന്നിവരാണ് മൂല്യനിർണ്ണയം നടത്തിയ മറ്റുള്ളവർ. ഇതിൽ കലാക്ഷേത്ര അധ്യാപികയായ ഡോ. നിർമ്മല നാഗരാജന് മലയാളം വായിക്കാനോ എഴുതാനോ അറിയില്ല, അവരെങ്ങിനെയാണ് മലയാളത്തിലുള്ള പ്രബന്ധം മൂല്യനിർണ്ണയം നടത്തുക? – ഡോ. ദിവ്യ നെടുങ്ങാടി ചോദിക്കുന്നു
ഡോ. കലാമണ്ഡലം ലത ഇതേ ഗവേഷകയുടെ റിസർച്ച് അഡ്വൈസറി കമ്മിറ്റി / ഡോക്ടറൽ കമ്മിറ്റി അംഗമാണ്. അവർക്ക് എങ്ങിനെയാണ് മൂല്യ നിർണ്ണയം നടത്താൻ സാധിക്കുക? അവരായിരുന്നു ഓപ്പൺ ഡിഫൻസ് ചെയർ. അവരെ ചെയർ ആക്കി അപ്പോയിന്റ് ചെയ്തുകൊണ്ട് വൈസ് ചാൻസലർ ഉത്തരവ് ഇറക്കേണ്ടതുണ്ട് അങ്ങിനെ ഒരു ഉത്തരവ് ഇറങ്ങിയിട്ടില്ല. External Examiner-മാരുടെ Evaluation Report-ന്റെ പൂർണ്ണ രൂപം ചെയറിന് നൽകേണ്ടതുണ്ട്. അതും ഉണ്ടായിട്ടില്ല. – ഡോ. ദിവ്യ നെടുങ്ങാടി പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഈ വിഷയം മുൻ വിസി പ്രൊഫ. എം.വി. നാരായണൻ മുൻ രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ, സിൻഡിക്കേറ്റ്, അക്കാദമിക്ക് കൗൺസിൽ അംഗങ്ങൾ എന്നിവരെ രേഖാമൂലം ഡോ. ദിവ്യ നെടുങ്ങാടി അറിയിച്ചിട്ടുണ്ട്.
പിഎച്ച് ഡി മൂല്യനിർണയത്തിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കേണ്ടതുകൊണ്ട് ഡോ. ദിവ്യ നെടുങ്ങാടി കൊടുത്ത റിപ്പോർട്ട് ഇപ്പോൾ പുറത്തുവിടുന്നില്ല. ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. യുജിസിക്കും പരാതി നൽകും.

