Wednesday, September 23, 2026

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും; അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികള്‍ സ്‌കൂളുകളിൽ എത്തേണ്ടതില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികള്‍ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ കാണും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ കൂടുതൽ അദ്ധ്യയന ദിവസങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles