Thursday, May 16, 2024
spot_img

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്താനാകും?; ഐക്യരാഷ്ട്ര സഭയിൽ ചോദ്യവുമായി നരേന്ദ്ര മോദി

ദില്ലി: ഐക്യരാഷ്ട്ര സഭയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനം.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്താനാകുമെന്ന് മോദി ചോദിച്ചു. കാലോചിതമായ മാറ്റം വരുത്തിയില്ലെങ്കില്‍ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ യുഎന്‍ എവിടെയാണെന്നും മോദി ചോദിച്ചു. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്ക് എന്താണ് എന്ന ചോദ്യമുയരുന്നുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

പാകിസ്ഥാനെയും ചൈനയെയും നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. നൂറ്റി മുപ്പത് കോടി ജനങ്ങളുടെ വിചാരം പ്രകടിപ്പിക്കാനാണ് താന്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞ മോദി, ഐക്യരാഷ്ട്രസഭയുടെ പഴയ ഘടന ഇന്ന് പ്രസക്തമാണോ എന്ന് ചോദിച്ചു.

മാറ്റം വരുത്തിയില്ലെങ്കില്‍ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്നില്ല. ഇന്ത്യയെ എത്രകാലം ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ നിന്ന് മാറ്റി നിറുത്തുമെന്നും ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്ന ഇന്ത്യയ്ക്ക് എത്ര കാലം കാത്തിരിക്കണമെന്നും പ്രാധനമന്ത്രി ചോദിച്ചു. കൊവിഡ് നേരിടുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ പങ്ക് എന്ത് എന്ന ചോദ്യം ഉയരുകയാണെന്നും മോദി വിമര്‍ശിച്ചു. പ്രതിരോധ പോരാട്ടത്തില്‍ സഭയുടെ പങ്കിനെ കുറിച്ചും മോദി പ്രതിപാദിച്ചു. മൂന്നാം ലോകമഹായുദ്ധം ഉണ്ടായില്ലെങ്കിലും പല യുദ്ധങ്ങളും നടന്നുവെന്നും ഭീകരര്‍ ചോരപ്പുഴ ഒഴുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണം അയല്‍ രാജ്യങ്ങളിലും തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും കള്ളപ്പണത്തിനെതിരെയും ഉറച്ച നിലപാടുകളാണ് ഇന്ത്യയ്ക്കുള്ളതെന്നും ലോകത്ത് ശാന്തിയും സമാധാനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രാധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായി മാറി. സ്വയം പര്യാപ്ത ഇന്ത്യ എന്ന മുദ്രാവാക്യം ഇന്ത്യ മുന്നോട്ട് വയ്ക്കുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles