Friday, May 3, 2024
spot_img

“ദീപങ്ങളുടെ ഉത്സവം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ”; ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയുൾപ്പെടെയുള്ള ദേശീയ നേതാക്കൾ

ദില്ലി: രാജ്യത്തിലെ ജനങ്ങൾക്ക് ദീപാവലി (Diwali Wish By PM Modi) ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ദേശീയ നേതാക്കൾ. ദീപങ്ങളുടെ ഉത്സവം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏവർക്കും ദീപാവലി ആശംസകൾ നേർന്നു. പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തെ പുതിയ ഊർജ്ജം, വെളിച്ചം, ആരോഗ്യം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

“ഭഗവാൻ ശ്രീരാമന്റെ കൃപയാൽ എല്ലാവരുടേയും ഹൃദയം സത്യത്താൽ പ്രകാശിക്കട്ടെ”യെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലക്ഷ്മിയുടെ അനുഗ്രഹത്താൽ എല്ലാ വീടുകളും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ആരോഗ്യത്തിന്റെയും വെളിച്ചത്താൽ പ്രകാശിക്കട്ടെ. ഈ ഉത്സവം മുഴുവൻ സൃഷ്ടികൾക്കും ഐശ്വര്യത്തിന്റെ ഘടകമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അതേസമയം ദീപാവലി ദിനത്തിൽ വലിയ ആഘോഷത്തിന്റെ പാതയിലാണ് അയോധ്യ. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ആഘോഷങ്ങൾ തുടർന്ന് വരികയാണ്. ദീപാവലിയോടനുബന്ധിച്ച് പരമാവധി പരിസ്ഥിതി സൗഹാർദ്ദ ദീപങ്ങൾ തെളിയിച്ച് ഗിന്നസ് ലോക റെക്കോർഡും അയോധ്യ സ്വന്തമാക്കിയിരിക്കുകയാണ്. ഒൻപത് ലക്ഷത്തോളം ചെരാതുകളാണ് സരയു നദിക്കരയിൽ മാത്രം തെളിച്ചത്. വൻ ജനപങ്കാളിത്തത്തോടെയാണ് ദീപം തെളിയിക്കൽ നടന്നത്. വൈകിട്ട് ആറ് മുതൽ ആറര വരെയുള്ള സമയത്താണ് ദീപങ്ങൾ തെളിച്ചത്.

ഇതിനുപിന്നാലെയാണ് ഗിന്നസ് ലോകറെക്കോർഡും സ്വന്തമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ സർട്ടിഫിക്കറ്റ് ഉത്തർപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശിശിർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ടൂറിസം വകുപ്പ്, ഉത്തർപ്രദേശ് സർക്കാർ, ഡോ.രാം മനോഹർ ലോഹ്യ അവധ് യൂണിവേഴ്‌സിറ്റി എന്നിവർ സംയുക്തമായാണ് ദീപം തെളിയിക്കാനുള്ള പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം 6 ആറ് ലക്ഷത്തോളം ദീപങ്ങൾ തെളിയിച്ച് അയോധ്യാ നഗരം റെക്കോർഡ് സ്ഥാപിച്ചിരുന്നു. ആ നേട്ടമാണ് ഇത്തവണ മറികടന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങുകളിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിയിരുന്നു.

Related Articles

Latest Articles