ദില്ലി: റഷ്യ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിര യോഗം വിളിച്ചു. പ്രശ്ന ബാധിത മേഖലയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളാകും യോഗം പ്രധാനമായും ചർച്ച ചെയ്യുക. യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധൻ അറിയിച്ചിട്ടുണ്ട്. പരിഭ്രാന്ത്രരാകേണ്ടതില്ലെന്നും കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി അറിയിച്ചു. ‘ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനം. അതിന് വേണ്ട ബദൽ മാർഗങ്ങളാണ് നടപ്പാക്കുന്നത്. ആവശ്യമായ സഹായമെത്തിക്കും വിദേശകാര്യമന്ത്രാലയത്തിന്റെ കീവിലെ അടക്കം കൺട്രോൾ റൂം വിപുലപ്പെടുത്തി. രക്ഷാ ദൌത്യത്തിൽ ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ മേഖലയിലേക്ക് അയക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തു.
ലോകരാജ്യങ്ങളുടെ സമാധാന ശ്രമങ്ങളും ഭീഷണികളും വകവെക്കാതെ ഇന്ന് പുലർച്ചെയോടെയാണ് യുക്രൈനിൽ റഷ്യ സൈനിക നടപടിയാരംഭിച്ചത്. ഇതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ മുടങ്ങിയിരിക്കുകയാണ്. വിമാനത്താവളങ്ങൾ അടച്ച സാഹചര്യത്തിൽ കീവിലേക്ക് പോയ രണ്ടാമത്തെ പ്രത്യേക വിമാനം ഇന്ത്യ തിരികെ വിളിച്ചു. വ്യോമ മാർഗമുള്ള ഒഴിപ്പിക്കൽ മുടങ്ങിയതിനാൽ കരമാർഗം എല്ലാവരേയും മടക്കിക്കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

