ദില്ലി: യുക്രൈനില്‍ കുടുങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും നാളെയോടെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം ഇന്ന് വ്യക്തമാക്കിയിരിന്നു. പൗരന്‍മാരെ തിരികെ രാജ്യത്ത് എത്തിക്കുന്നത് വരെയെങ്കിലും വെടി നിര്‍ത്തലടക്കമുള്ളവ നടപ്പാക്കണമെന്ന് യുക്രൈന്‍, റഷ്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഖാര്‍കീവ്, പിസോചിന്‍, സുമി എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ (India) ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. 900-1000ത്തിനും ഇടയില്‍ പേരാണ് പിസോചിനില്‍ ഉള്ളത്. സുമിയില്‍ 700ന് മുകളില്‍ പേര്‍ കുടുങ്ങിയിട്ടുണ്ട്. അതിനിടെ ഖാര്‍കീവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മറ്റു വിദേശികളെയും ഒഴിപ്പിക്കാനായി 130 ബസുകള്‍ സജ്ജമാക്കിയതായി റഷ്യ വ്യക്തമാക്കി.
അതേസമയം യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ദില്ലിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ കേരളത്തിൽ എത്തിച്ചു. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 890 പേരെ കേരളത്തിലേക്ക് എത്തിച്ചു.

