Saturday, January 3, 2026

നരേന്ദ്രമോദി-പിണറായി കൂടിക്കാഴ്ച നടന്നു; കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ വൈകുന്നേരം മുഖ്യമന്ത്രി പുറത്തുവിട്ടേക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച (Modi-Pinarayi Meeting) നടന്നു. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് പിണറായി പ്രധാനമന്ത്രിയെ കണ്ടത്. പ്രക്ഷോഭങ്ങളെ മറികടന്ന് സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നിട്ടുണ്ടെന്നാണ് വിവരം.

വൈകുന്നേരം നാലുമണിക്ക് പത്രസമ്മേളനത്തില്‍ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രി വിവരിക്കുമെന്നാണ് റിപ്പോർട്ട്. കെ- റെയിലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വിവാദമായ പദ്ധതിക്കെതിരേ ബിജെപി സംസ്ഥാന ഘടകം അതിശക്തമായ സമരവുമായി രംഗത്തെത്തുകയും കേന്ദ്ര റെയില്‍ മന്ത്രിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കേന്ദ്ര റെയില്‍ മന്ത്രി തന്നെ പദ്ധതിയെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വഴികള്‍ അടഞ്ഞതോടെ കേന്ദ്ര റെയില്‍ മന്ത്രിക്കെതിരേ വ്യക്തിപരമായ ആക്രമണവുമായി ഇടതുപക്ഷ എംപിമാര്‍ ഇന്നലെ പാര്‍ലമെന്റില്‍ രംഗത്തെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളും സമരങ്ങളും അഴിമതി ആരോപണങ്ങളും അടങ്ങിയ വിവരങ്ങള്‍ പിഎംഒ ശേഖരിച്ചിട്ടുണ്ട്.
കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനും പദ്ധതിക്കെതിരേ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വികസന വിരോധികളെന്ന് പഴിചാരാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് സൂചന.

Related Articles

Latest Articles