Saturday, June 15, 2024
spot_img

പ്രണയബന്ധം ആരോപിച്ച് 16കാരനെ ഉപദ്രവിച്ച കേസ്; പ്രതികൾ പിടിയില്‍

അഞ്ചല്‍: സഹപാഠിയെ പ്രണയിച്ചെന്നാരോപിച്ച്‌ പതിനാറുകാരനെ ഉപദ്രവിച്ച കേസിലെ പ്രതികളെ പിടികൂടി. ബലം പ്രയോഗിച്ച്‌ മദ്യം കുടിപ്പിക്കുകയും കഴുത്തില്‍ വടിവാള്‍ വെച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ പെൺകുട്ടിയുടെ അകന്ന ബന്ധുക്കളും കൂടിയാണ്.

ഏരൂര്‍ ഇളവറാംകുഴി ബിന്ദുവിലാസത്തില്‍ പ്രവീണ്‍, വിളക്കുപാറ ബിനു വിലാസത്തില്‍ ബിനു എന്നിരെയാണ് എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കേസിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. പ്രവീണും ബിനുവും കൂടി പതിനാറുകാരനെ ആളൊഴിഞ്ഞ എണ്ണപ്പനത്തോട്ടത്തില്‍ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇരുവരും ചേര്‍ന്ന് ബലമായി വായിലേക്ക് മദ്യം ഒഴിച്ച്‌ കുടിപ്പിച്ചു. തുടര്‍ന്ന്, പ്രവീണ്‍ വിദ്യാര്‍ഥിയെ കഴുത്തില്‍ വടിവാള്‍ വെച്ച്‌കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് വീടിന് പരിസരത്ത് ഉപേക്ഷിച്ചിട്ട് കടന്നുകളയുകയായിരുന്നു.

അവശനായ വിദ്യാര്‍ഥിയോട് മാതാപിതാക്കളും നാട്ടുകാരും കാര്യം തിരക്കിയപ്പോഴാണ് മദ്യം കുടിപ്പിച്ചതും ഭീഷണിപ്പെടുത്തിയതുമായ കാര്യങ്ങൾ പറഞ്ഞത്. മാതാപിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയ്ക്ക് പ്രാഥമിക ചികിത്സയും ലഭ്യമാക്കി.

അറസ്റ്റിലായ പ്രവീണ്‍ അബ്കാരി കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതികൂടിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles