Saturday, May 4, 2024
spot_img

”കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദന മുഖ്യമന്ത്രി അറിയണം”; കെ റെയിൽ കല്ലുകൾ പിഴുത് ക്ലിഫ് ഹൗസിൽ കൊണ്ടിട്ട് ബിജെപി; പ്രതിഷേധം ശക്തം

തിരുവനന്തപുരം: ജനങ്ങളെ പെരുവഴിയിലാക്കുന്ന കെ റെയിലിനെതിരായ പ്രതിഷേധം കടുപ്പിച്ച് ബിജെപി(BJP K Rail Protest In Trivandrum). ബിജെപിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൊണ്ടിട്ടു. വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് കെ റെയിൽ സർവ്വെയ്‌ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കുറ്റികൾ പിഴുതത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ മുരുക്കുംപുഴയിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദന മുഖ്യമന്ത്രി അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപിയുടെ പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു.

എല്ലാ മന്ത്രിമാരുടെയും വീടുകളിൽ രാത്രിയും പകലുമായി കല്ലുകൾ കൊണ്ടിടാനാണ് ബിജെപിയുടെ തീരുമാനമെന്ന് വി.വി രാജേഷ് പറഞ്ഞു. ലാവ് ലിൻ കേസിൽ കമ്മീഷൻ വാങ്ങിയ പിണറായി വിജയന്റെ അവസാനത്തെ കളിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെ റയിലിനെതിരെയുള്ള സമരം തീരുമ്പോൾ പശ്ചിമ ബംഗാളിലെ പോലെ സി.പി.എം കേരളത്തിൽ ഇല്ലാതാവുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ പറഞ്ഞു. സിൽവർ ലൈൻ കേരളത്തിലെ മറ്റൊരു നന്ദിഗ്രാം ആവും. സമരമുഖത്ത് നിൽക്കുന്നത് ഏറെയും വീട്ടമ്മമാരും സ്ത്രീകളുമാണ്. ചാനലുകളിൽ നിഷ്കളങ്കരായി സ്ത്രീകൾ വിളിച്ചുപറയുന്നത് ഇതുവരെ കമ്മ്യൂമ്യൂണിസ്റ്റുകാരായിരുന്നുവെന്നാണ്, ഇനി കൊള്ളക്കാർക്കൊപ്പം നിൽക്കില്ലെന്നാണ്. ഈ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി ജനങ്ങൾക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ടൗൺഹാളിൽ കോൺഗ്രസ് മധ്യമേഖല നേതൃയോഗത്തിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Latest Articles