Friday, May 3, 2024
spot_img

വികസന കൊടുമുടിയിലേറാൻ തമിഴ്നാടും; സംസ്ഥാനത്തിന് 11 പുതിയ മെഡിക്കൽ കോളേജുകൾ: 4000 കോടിയുടെ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ദില്ലി: വികസനത്തിന്റെ പാതയിലേക്ക് ചുവടുവച്ച് തമിഴ്നാടും. സംസ്ഥാനത്ത് 11 പുതിയ സർക്കാർ മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാമ്പസും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. 1450 സീറ്റുകളുടെ ക്യുമുലേറ്റീവ് കപ്പാസിറ്റിയുള്ള പുതിയ മെഡിക്കൽ കോളേജുകൾ, ‘നിലവിലുള്ള ജില്ലാ/റഫറൽ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ’ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴിലാണ് സ്ഥാപിക്കുന്നത്.

അതേസമയം വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാകും പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചടങ്ങിൽ പങ്കെടുക്കും. വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ദിണ്ടിഗൽ, കള്ളകുറിച്ചി, അരിയാലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ വരുന്നത്.

4000 കോടി രൂപ ചെലവിലാണ് തമിഴ്നാട്ടിൽ 11 മെഡിക്കൽ കോളേജുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 2,145 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി തമിഴ്നാട് സർക്കാരും നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ഈ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നത്. ഇന്ത്യൻ പൈതൃകം സംരക്ഷിക്കാനും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ചെന്നൈയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ (സിഐസിടി) പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Related Articles

Latest Articles