Monday, June 17, 2024
spot_img

മോദി ഇന്ന് ജന്മനാട്ടിൽ; പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനത്തിൽ ലോകാരോഗ്യ സംഘടനാ മേധാവിയും ഭാഗമാകും

അഹമ്മദാബാദ്: 3 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്റെ ജന്മനാടായ ഗുജറാത്തിലെത്തും. ലോകാരോഗ്യ സംഘടനയുടെ മേധാവി ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമാകും എന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ന് രാജ്‌കോട്ടിലെത്തുന്ന ഗബ്രിയേസസ് ജാംനഗറിൽ നിർമാണം ആരംഭിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രെഡിഷണൽ മെഡിസിന്റെ ശിലാസ്ഥാപനത്തിൽ നാളെ പ്രധാനമന്ത്രിയ്‌ക്കൊപ്പം പങ്കുചേരും.

ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര വിദ്യകളുടെ ആദ്യത്തെ ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. മറ്റന്നാൾ ഗാന്ധിനഗറിൽ നടക്കുന്ന ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നവേഷൻ ഉച്ചകോടിയിലും ടെഡ്രോസ് ഗബ്രിയേസസ് പങ്കെടുക്കും.ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ഇന്നൊവേഷന്‍ ഉച്ചകോടി പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉച്ചകോടിയിൽ 90 ഓളം പ്രമുഖരാണ് ഭാഗമാവുന്നത്.

അതേസമയം ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി ഗാന്ധിനഗർ, ബനസ്‌കന്ത, ജാംനഗർ, ദാഹോദ് എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഈ വർഷാവസാനം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾ ലക്ഷ്യമിട്ടാണ് അദ്ദേഹം ഗുജറാത്തിലെത്തുന്നത്.

Related Articles

Latest Articles