Saturday, May 4, 2024
spot_img

പോലീസും പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി! ഇമ്രാൻ ഖാൻ ഹാജരായതിന് പിന്നാലെ ഇസ്ലാമാബാദ് കോടതിയിൽ വൻ സംഘ‍ര്‍ഷം

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരായതിന് പിന്നാലെ
പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ വൻ സംഘ‍ര്‍ഷം.ഇസ്ലാമാബാദ് കോടതി പരിസരത്തായിരുന്നു
സംഘർഷം അരങ്ങേറിയത്. ഇമ്രാന്റെ ലാഹോറിലെ വസതിയിലേക്ക് ഇരച്ചുകയറിയ പോലീസ് പിടിഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി.

ഇമ്രാൻ ഖാന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം കോടതി സമുച്ചയത്തിലേയ്ക്ക് എത്തും മുൻപ് തന്നെ പാർട്ടി പ്രവർത്തകരും പോലീസും ഏറ്റുമുട്ടാൻ തുടങ്ങിയിരുന്നു. കണ്ണീർവാതക ഷെല്ലുകളും കല്ലേറും ഉണ്ടായി. കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചത് ഇമ്രാൻറെ പാർട്ടി പ്രവർത്തകരെന്ന് പോലീസും അല്ലെന്ന് ഇമ്രാൻ അനുകൂലികളും പറയുന്നു. സംഘർഷാവസ്ഥ തുടർന്നതോടെ പുറത്ത് നിന്ന് ഹാജർരേഖപ്പെടുത്താൻ ഇമ്രാന് കോടതി അനുമതി നൽകി. കോടതി പരിസരത്തുനിന്ന് തത്സമയ സംപ്രേഷണം നടത്തുന്നതിനും ചാനലുകൾക്ക് വിലക്കേർപ്പെടുത്തി. കോടതി പരിസരത്ത് നാലായിരത്തിൽ അധികം സായുധ കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ആശുപത്രികൾക്കും അതീവ ജാഗ്രതാ നിർദേശമുണ്ട്.

ഇമ്രാൻ ഇസ്ലാമാബാദിലേയ്ക്ക് പുറപ്പെട്ടതിന് പിന്നാലെ ലാഹോറിലെ വസതിയിലേയ്ക്ക് പോലീസ് ഇരച്ചു കയറി. പോലീസിനെ തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് നേരിട്ടു. സംഘർഷത്തിൽ 61 പിടിഐ പ്രവർത്തകർ അറസ്റ്റിലായി. ഇമ്രാൻ ഖാന്റെ വസതിയിൽ നിന്ന് പതിനാറു യന്ത്രത്തോക്കുകളും ബോംബുകളും മറ്റും കണ്ടെത്തി എന്ന് പാക് ആഭ്യന്തര മന്ത്രി റാണാ സനാവുള്ള അവകാശപ്പെട്ടു. ഇപ്പോൾ നടക്കുന്നത് തന്നെ തുറുങ്കിലടച്ച്, നവാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനുള്ള ലണ്ടൻ ഗൂഢാലോചനയാണ് എന്നായിരുന്നു ഇമ്രാൻഖാന്റെ ആരോപണം.

Related Articles

Latest Articles