Friday, January 9, 2026

വാഹനമോഷണശ്രമക്കേസിലെ പ്രതി കോടതിയിൽ നിന്നും ചാടിപ്പോയി; കുപ്രസിദ്ധ മോഷ്ടാവിനെ ഭാര്യവീട്ടിൽ നിന്ന് പൊലീസ് പിടികൂടി

കണ്ണൂര്‍ : കോടതിയിൽ നിന്നും ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞങ്ങാട് പെരിയാട്ടടുക്കം റിയാസിനെ ദിവസങ്ങൾക്ക് ശേഷം ഭാര്യവീട്ടിൽ നിന്നും പൊക്കി പൊലീസ്. കഴിഞ്ഞ മാസം 22 നാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കോടതി നടപടികൾക്കിടെയാണ് ഇയാൾ ചാടിപ്പോയത്. തുട‍ര്‍ന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിൽ ഇന്ന് പുലർച്ചെയാണ് മട്ടന്നൂർ മാലൂരിലെ ഭാര്യാ വീട്ടിൽ നിന്ന് പയ്യന്നൂർ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി വീടിനുള്ളിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് സംഘം വീട് വളഞ്ഞാണ് കസ്റ്റ‍ഡിയിലെടുത്തത്.

2008 ൽ മണ്ടൂരിൽ നടന്ന ഒരു വാഹനമോഷണശ്രമക്കേസിൽ പഴയങ്ങാടി പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയാണ് റിയാസ്. ഈ കേസിൽ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസമെത്തി കോടതിയിൽ കീഴടങ്ങിയതായിരുന്നു. എന്നാൽ കേസ് വിളിച്ച് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ പ്രതി കോടതി മുറിയിയിൽ നിന്നും എല്ലാവരെയും കബളിപ്പിച്ച് ഇറങ്ങിയോടുകയായിരുന്നു. നിരവധി കവർച്ചാ കേസിൽ പ്രതിയായ ഇയാളെ റിമാൻ്റ് ചെയ്യുമെന്ന് ഉറപ്പായതിനാലാണ് ഓടി രക്ഷപ്പെട്ടതാണെന്നാണ് വിവരം.

Related Articles

Latest Articles